ദമ്മാം: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന പി.എം. നജീബിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളുടെ വിഷയങ്ങളിൽ നിരന്തര ഇടപെടലുകൾ നടത്തിയിരുന്ന പി.എം. നജീബ് നിസ്വാർഥ പൊതുപ്രവർത്തകനായിരുന്നുവെന്ന് അനുസ്മരണ സദസ്സ് ഉദ്ഘാടനംചെയ്ത കെ.പി.സി.സി നിർവാഹക സമിതി അംഗം അഹമ്മദ് പുളിക്കൽ പറഞ്ഞു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷനായിരുന്നു. കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ പി.എം. നജീബ് പ്രവാസലോകത്ത് സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
നിതാഖാത് കാലഘട്ടത്തിൽ അത് പ്രതികൂലമായി ബാധിച്ച പ്രവാസി മലയാളികൾക്കുവേണ്ടി പി.എം. നജീബ് നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമായിരുന്നു. കോവിഡ് സമയത്ത് സൗദിയിലുടനീളമുള്ള ഒ.ഐ.സി.സി കമ്മിറ്റികളുടെ കോവിഡ് ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അദ്ദേഹം അശ്രാന്തം പരിശ്രമിച്ചിരുന്നു.
പ്രവാസി സംഘടനാ പ്രവർത്തകർക്ക് പി.എം. നജീബിന്റെ പ്രവാസജീവിതം ഒരു പാഠപുസ്തകമാണെന്നും പി.എം. നജീബിനെ അനുസ്മരിച്ചവർ പറഞ്ഞു. ആൽബിൻ ജോസഫ്, രഞ്ജിത് വടകര, മാലിക് മഖ്ബൂൽ, അബ്ദുൽ ഹമീദ്, ഹബീബ് ഏലംകുളം, പി.എ.എം. ഹാരിസ്, റഷീദ് ഉമ്മർ, നജീബ് അരഞ്ഞിക്കൽ.
ഹനീഫ് റാവുത്തർ, സിറാജ്റൗഫ് ചാവക്കാട്, മുജീബ് കളത്തിൽ, രാധിക ശ്യാം പ്രകാശ്, ഷിജില ഹമീദ്, ഹുസ്ന ആസിഫ്, ഗീത മധുസൂദനൻ തുടങ്ങിയവർ പി.എം. നജീബിനെ അനുസ്മരിച്ചു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. സിറാജ് പുറക്കാട്, പി.കെ. അബ്ദുൽ കരീം, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.