ജിദ്ദ: ബാഹ്യ ഇടപെടലില്ലാതെ അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്ന് ഒ.ഐ.സിയിലെ സൗദി സ്ഥിരം പ്രതിധിനി ഡോ. സ്വാലിഹ് സുഹൈബാനി പറഞ്ഞു. ജിദ്ദയിൽ നടന്ന ഒ.ഐ.സി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ മുമ്പ് അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധികളുടെ തുടക്കം മുതൽ അഫ്ഗാൻ ജനതക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. മാന്യമായ ഇടപെടൽ ഇപ്പോഴും തുടരുന്നു.
മൂന്ന് വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ ഒ.ഐ.സി സമാധാന സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം വേൾഡ് ലീഗും അവിടെ സമാധാനം സ്ഥാപിക്കാൻ ധാരാളം ശ്രമങ്ങൾ നടത്തി. ആ നിലപാടിലുറച്ചു അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉണ്ടാകുന്നതിനും അഫ്ഗാൻ ജനതയെ ഒന്നിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ പിന്തുണ ഉറച്ചതും ചരിത്രപരവുമാണെന്ന് ആവർത്തിക്കുന്നുവെന്ന് സൗദി പ്രതിനിധി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും താലിബാനും അഫ്ഗാൻ പാർട്ടികളും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒ.ഐ.സി അംഗരാജ്യങ്ങളുമായി സഹകരിച്ച് അഫ്ഗാൻ ജനതയോടും ബാഹ്യ ഇടപെടലില്ലാതെ അവർ സ്വയം തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകളുമായും സഹകരിക്കുമെന്നും സൗദി പ്രതിനിധി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ അടിയന്തിര മാനുഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും വികസനം, സ്ഥിരത, പുനരധിവാസം എന്നിവക്കായുള്ള ശ്രമങ്ങളെ പിന്തുണക്കാനും ജനങ്ങളെ സുരക്ഷയും അഭിവൃദ്ധിയും കൈവരിക്കാൻ സഹായിക്കാനും രാജ്യാന്തര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യത്തോടെ നിലകൊള്ളുക, സമാധാനം, അനുരഞ്ജനം, സുസ്ഥിരത എന്നിവക്ക് ഞങ്ങൾ ഒരുമിച്ചു നിൽക്കുമെന്ന ആത്മാർത്ഥമായ സന്ദേശം ഈ യോഗം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വിദേശ ഇടപെടലുകളിൽ നിന്ന് മാറി അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ ബഹുമാനിക്കുകയും അവിടുത്തെ ജനതയെ അതിന്റെ നിർമാണത്തിൽ പങ്കാളിയാക്കുകയും വേണം. സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവ പുനസ്ഥാപിക്കാൻ അഫ്ഗാൻ ജനതക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രധാന്യം സൗദി പ്രതിനിധി ഊന്നിപ്പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും സൂഷ്മമായി നിരീക്ഷിക്കുന്നത് തുടരാൻ ഒ.ഐ.സി എക്സിക്യൂട്ടീവ് കമ്മിറ്റിയോടും ജനറൽ സെക്രട്ടറിയേറ്റിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.