റിയാദ്: പ്രവാസി വാരാചരണ പരിപാടിക്ക് ദേശീയ ഐക്യദിനമായ ഒക്ടോബർ 31ന് റിയാദ് ഇന്ത്യൻ എംബസിയിൽ തുടക്കമായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയിൽ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഭാരതീയർ തമ്മിൽ പരിചയപ്പെടാനും ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനും കലാസാംസ്കാരിക വിനിമയത്തിനുമായി അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതാണ് ‘പ്രവാസി പരിചയ്’ വാരാചരണ പരിപാടി.
റിയാദിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ വാരാചരണം ഉദ്ഘാടനം ചെയ്തു.
ദേശീയ ഐക്യദിനമെന്ന സന്ദേശത്തിൽ ഊന്നി പ്രഥമ ഇന്ത്യൻ ആഭ്യന്തര മന്ത്രി സർദാർ വല്ലഭഭായ് പട്ടേലിനെ അംബാസഡർ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ‘എന്റെ മാതൃഭൂമി, എന്റെ രാജ്യം’ (മേരി മാട്ടി മേരാ ദേശ്) കാമ്പയിനിൽ കൂടുതൽ സജീവമാകാൻ പ്രവാസി ഭാരതീയരെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സാംസ്കാരിക മഹോത്സവമാണ് പ്രവാസി പരിചയ് എന്ന് അംബാസഡർ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിഡിയോ മെസേജിലൂടെ പരിപാടിക്ക് ആശംസ നേർന്നു. തുടർന്ന് പ്രശസ്ത ഗായകനും കവിയുമായ ജോണി ഫോസ്റ്ററിന്റെ ഗസൽ രാവും അരങ്ങേറി. ഒക്ടോബർ 31ന് ആരംഭിച്ച ‘പ്രവാസി പരിചയ്’ വാരാചരണം നവംബർ ഏഴിന് സമാപിക്കും. ഫോട്ടോ പ്രദർശനം, ഇന്ത്യൻ പൈതൃകവും വാസ്തുവിദ്യയും സംബന്ധിച്ച് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. ശനിയാഴ്ച സംസ്കൃതദിനം ആചരിക്കും. ഞായറാഴ്ച പുരാതന ഇന്ത്യൻ സാഹിത്യത്തെ കുറിച്ച് സെമിനാർ നടക്കും. തിങ്കളാഴ്ച വനിതാദിനാഘോഷത്തോടെ വാരാചരണത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.