റിയാദ്: എട്ടുവർഷമായി സൗദി അറേബ്യയിൽ 'പ്രവാസി സാംസ്കാരിക വേദി' എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടന 'പ്രവാസി വെൽഫെയർ സൗദി അറേബ്യ' എന്ന പേരിലേക്ക് മാറുന്നു. പുതിയ പേരിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് നിർവഹിച്ചു. സാമൂഹിക സാംസ്‌കാരിക സേവന രംഗങ്ങളിൽ സംഘടനയുടെ ശക്തമായ സാന്നിധ്യം തുടരുമെന്നും സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് പേരിന്റെ ഏകോപനമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ പ്രവർത്തനവും സാമൂഹിക ഇടപെടലുകളും നിർബന്ധമായ കാലത്താണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ ഇന്ത്യയിൽ ജനാധിപത്യം തകരുന്ന കാഴ്ചയാണ് നാം കാണുന്നത്. രാജ്യത്തിന്റെ സാമൂഹിക ഉടമ്പടിയായ ഭരണഘടനയെ നിർവീര്യമാക്കുന്നു. അതിലൂടെ പാർലമെന്റും എക്സിക്യൂട്ടിവും ജുഡീഷ്യറിയും അന്വേഷണ സംവിധാനങ്ങളുമെല്ലാം ദുർബലമാക്കപ്പെടുന്നു. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കുന്നു. മറുശബ്ദങ്ങളെയും വിയോജിപ്പുകളെയും അവഗണിച്ച് വംശീയരാഷ്ട്രം സ്ഥാപിക്കുന്ന തിരക്കിലാണ് കേന്ദ്രസർക്കാറെന്നും കെ.എ. ഷഫീഖ് പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രത്തിനെതിരെ ഉറക്കെ പോരാടണമെന്നും നമ്മുടെ രാജ്യത്തെക്കുറിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സൗദി കോഓഡിനേറ്റർ ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്, വെസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് എന്നിവർ സംസാരിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹ്സിൻ ആറ്റശ്ശേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.