ജുബൈൽ: ‘സമകാലീന സംഭവങ്ങളും പൊതുബോധ നിർമിതിയും’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ ജുബൈൽ ഘടകം ടേബിൾ ടോക് സംഘടിപ്പിച്ചു. ഫാഷിസ്റ്റ് ശക്തികളും മുഖ്യധാരാ മാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന അസത്യങ്ങൾ, പൊതുബോധങ്ങളായി മാറ്റപ്പെടുന്നത് മനുഷ്യരാശിക്ക് തന്നെ ആപത്താണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങൾക്കും ഇതിൽ കൃത്യമായ പങ്കുണ്ട്.
കളമശ്ശേരി സംഭവത്തിൽ ചില നിഷ്പക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും പ്രസ്താവനകൾ സമീപകാല ഉദാഹരണങ്ങളാണ്. പല മാധ്യമങ്ങളും ചവറ്റുകൊട്ടക്ക് സമാനമായിരിക്കുന്നു. ഗീബൽസിയൻ സിദ്ധാന്തം കൃത്യമായി ഉപയോഗപ്പെടുത്തുന്ന കൗശലമാണ് പൊതുബോധ നിർമിതിയുടെ ആത്മാവ്. കുറ്റവാളിയായ മാർട്ടിനോട് കടപ്പെടേണ്ട ദുർഗതി കേരളത്തിനുണ്ടായി. ഇതൊരു പ്രാദേശിക വിഷയമല്ല. ഫലസ്തീനിലെ ജനതയോട് അനീതി അനുവർത്തിക്കപ്പെടുന്നതിനെതിരെ ലോകത്തിന്റെ കുറ്റകരമായ മൗനവും പൊതുബോധ നിർമിതിയുടെ അനന്തരഫലമാണ്.
ഇത്തരം കുതന്ത്രങ്ങളുടെ വേരുകൾ തിരിച്ചറിഞ്ഞ് ശരിയായ ബോധവത്കരണം നടത്തപ്പെടേണ്ടതുണ്ട്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിനു പകരം വസ്തുതകളിൽ അധിഷ്ഠിതമായ മറു പൊതുബോധങ്ങൾ രൂപപ്പെടുത്താൻ കഴിയണം. നിരുപാധികമായി സ്നേഹിക്കാനും മനസ്സുകളിലെ അതിർവരമ്പുകൾ ഇല്ലാതാക്കാനും മനുഷ്യന് കഴിയും. അബിഗെൽ സാറ എന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് വീട് ആക്രമിക്കപ്പെട്ട ഷാജഹാൻ ആ കുട്ടിയെ സന്ദർശിച്ചത് ഇതിനൊരുദാഹരണമാണ്.
എല്ലാ അന്ധകാരങ്ങൾക്ക് ശേഷവും ഒരു പൊൻപുലരി വിടരുമെന്ന ശുഭാപ്തി വിശ്വാസം പങ്കെടുത്തവർ പ്രകടിപ്പിച്ചു. പ്രവാസി വെൽഫെയർ ജുബൈൽ പ്രസിഡൻറ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. മോഡറേറ്റർ അബ്ദുൽ കരീം ആലുവ വിഷയം അവതരിപ്പിച്ചു. നൂഹ് പാപ്പിനിശ്ശേരി (ഒ.ഐ.സി.സി കുടുംബവേദി), ശംസുദ്ദീൻ പള്ളിയാളി (കെ.എം.സി.സി), ഡോ. ജൗഷീദ് (ഇന്ത്യൻ സ്കൂൾ ജുബൈൽ), പി.കെ. നൗഷാദ് (ആംപ്സ്), മുഫീദ് കൂരിയാടൻ (ഐ.എം.സി.സി), തോമസ് മാത്യു മാമ്മൂടൻ (ജുബൈൽ മലയാളി സമാജം), കെ.പി. മുനീർ (പ്രവാസി വെൽഫെയർ), സലാഹുദ്ദീൻ ചേന്ദമംഗലൂർ (തനിമ) എന്നിവർ സംസാരിച്ചു.
നാസർ ഓച്ചിറ, സൈഫുദ്ദീൻ പൊറ്റശ്ശേരി, സലീം ആലപ്പുഴ, അഡ്വ. ജോസഫ് മാത്യു, അബ്ദുൽ ഗഫൂർ മങ്കരത്തൊടി തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ജബീർ പെരുമ്പാവൂർ, റിയാസ് തിരുവനന്തപുരം, ബഷീർ വാടാനപ്പള്ളി, മുലൂക്ക് തിരുവനന്തപുരം എന്നിവർ പരിപാടി നിയന്ത്രിച്ചു. നിയാസ് നാരകത്ത് സ്വാഗതവും റിജ്വാൻ ചേളന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.