ദമ്മാം: ആറുമാസത്തെ നിയന്ത്രണങ്ങൾക്കു ശേഷം സൗദി കിഴക്കൻ പ്രവിശ്യയിൽ മത്സ്യബന്ധനത്തിന് പ്രതീക്ഷ നൽകി ചെമ്മീൻ കാലത്തിന് തുടക്കമായി. എല്ലാ വർഷവും ആഗസ്റ്റ് ഒന്നു മുതൽ ജനുവരി 31 വരെയാണ് ചെമ്മീൻ സീസൺ.
പതിവുപോലെ ദമ്മാം, ഖത്വീഫ്, താറൂത്ത് മേഖലകളിലെ കടലിൽനിന്ന് ചെമ്മീൻ ധാരാളമായി ലഭിച്ചുതുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ ചെറിയ ചെമ്മീനുകളാണ് ലഭിക്കുന്നത്. വരുന്ന ആഴ്ചകളിൽ വലിയ മീനുകൾ കൂടുതലായി ലഭിച്ചുതുടങ്ങും. കൂടുതൽ മീനുകൾ കിട്ടുന്നതോടെ വിലയിൽ വലിയ കുറവു വരും. നേരത്തേ ബഹ്റൈനിൽ നിന്ന് കൂടുതൽ മീനുകൾ ഇറക്കുമതി ചെയ്തിരുന്നു. ചെമ്മീൻകാലം മത്സ്യബന്ധനക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള സമയമാണ്. കൂടുതൽ ഡിമാൻറും വിലയും കിട്ടുന്നതിനാൽ അവർ പരമാവധി ഉപയോഗപ്പെടുത്തും.
ഫെബ്രുവരി മുതൽ ജൂലൈ വരെ പ്രജനന സമയമായതിനാൽ സൗദിയിൽ ചെമ്മീൻ പിടിക്കാൻ പാടില്ല. മത്സ്യബന്ധനത്തിന് ഗവൺമെൻറിൽനിന്ന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. 573 വലിയ ബോട്ടുകൾക്കും 1477 ചെറിയ ബോട്ടുകൾക്കുമാണ് ഇത്തവണ ചെമ്മീൻ പിടിത്തത്തിന്ന് ലൈസൻസ് ലഭിച്ചത്. എന്നാൽ, വളരെ ചെറിയ ബോട്ടുകൾക്കും ചെറിയ വല ഉപയോഗിക്കുന്നതിനും ലൈസൻസ് ആവശ്യമില്ല. അറബ് മേഖലയിലെ വളരെ പ്രധാനപ്പെട്ട മത്സ്യവിപണിയാണ് ഖത്വീഫിലെ മത്സ്യ മാർക്കറ്റ്. സൗദിയിലെ വിവിധ പ്രവിശ്യകളിലേക്കും രാജ്യത്തിനു പുറത്തേക്കും ഇവിടെനിന്ന് മത്സ്യം അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.