ജിദ്ദ: വിനോദ പരിപാടികൾക്ക് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു സൗദി വിനോദ അതോറിറ്റി. വ്യാഴാഴ്ചയാണ് സൗദിയിൽ വിനോദ പരിപാടികൾ ഉടനെ പുനരാരംഭിക്കുമെന്ന് വിനോദ അതോറിറ്റി പ്രഖ്യാപിച്ചത്.
കോവിഡ് തടയുന്നതിനായി പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും വിനോദ പരിപാടികൾ നടക്കുകയെന്നും പരിപാടികൾ നടത്തുേമ്പാൾ മുൻകരുതൽ നടപടികൾ പ്രയോഗിക്കാൻ പ്രത്യേക നിബന്ധനകൾ സംഘാടകർക്ക് ഏർപ്പെടുത്തുമെന്നും പ്രഖ്യാപനത്തിൽ അതോറിറ്റി പറഞ്ഞിരുന്നു.
പരിസ്ഥിതി-പ്രതിരോധം-സാമൂഹിക അകലം, റിപ്പോർട്ടിങ്-നിരീക്ഷണം, അവബോധം, നടപ്പാക്കൽ എന്നീ നാലു പ്രധാന തലങ്ങളിലൂന്നിയ മുൻകരുതൽ നടപടികളാണ് വിനോദ പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 2021 മേയ് 18ന് പുറപ്പെടുവിച്ച ആഭ്യന്തര മന്ത്രാലയ തീരുമാനത്തിന് അനുസൃതമായി 'തവക്കൽനാ' ആപ്ലിക്കേഷനിൽ കോവിഡ് കുത്തിെവപ്പ് എടുത്തുവെന്ന് തെളിയിക്കുന്നവർക്കാണ് പരിപാടികളിലേക്ക് പ്രവേശനം നൽകുക. ഒാപൺ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 40 ശതമാനമാളുകളെ പാടുള്ളൂവെന്ന് നിർണയിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, വേദിയുടെ വിവിധ ഭാഗങ്ങളിൽ അണുനശീകരണ പദാർഥങ്ങൾ ലഭ്യമാക്കിയിരിക്കുക എന്നിവ ഉറപ്പുവരുത്തണം. ഒാൺലൈൻ വഴിയായിരിക്കണം ടിക്കറ്റ് വിൽപന, പ്രവേശനത്തിനു കൃത്യമായ സമയം നിർണയിച്ചിരിക്കണം, പുറത്തേക്കും അകത്തേക്കും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കുകയും വേണം.
റിപ്പോർട്ടിങ്, നിരീക്ഷണം തലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. എല്ലാ പ്രവേശന കവാടങ്ങളിലും ശരീരോഷ്മാവ് അളക്കാനും ആരോഗ്യാവസ്ഥ ചോദിച്ചറിയാനും ചെക്ക്പോയൻറ് ഒരുക്കിയിരിക്കണം. ഉയർന്ന താപനിലയോ, ശ്വസന പ്രശ്നങ്ങളോ ഉള്ള ആളുകൾ വേദിയിലേക്ക് പ്രവേശിക്കുന്നത് തടയണം, ജീവനക്കാർക്കോ, തൊഴിലാളികൾക്കോ ശരീരോഷ്മാവ് കൂടിയതായി കണ്ടാൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും പരിപാടിയിൽ പെങ്കടുക്കുന്നതിൽനിന്ന് തടയുകയും വേണം.
രോഗികളുടെ ലക്ഷണങ്ങളെക്കുറിച്ചും അതു പകരുന്ന മാർഗങ്ങളെക്കുറിച്ചും തൊഴിലാളികളെയും സന്ദർശകരെയും വിനോദ സ്ഥലങ്ങളുടെ ചുമതലയുള്ളവരെയും ബോധവത്കരിക്കണം. ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ വെളിപ്പെടുത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം, ആരോഗ്യ മുൻകരുതൽ സംബന്ധിച്ച് മാർഗനിർദേശ ബോർഡുകൾ സ്ഥാപിക്കണം എന്നിവ ബോധവത്കരണ തലങ്ങളിലെ മുൻകരുതലാണ്.
ജീവനക്കാർക്കും സംഘാടകർക്കും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യവും സുരക്ഷയും സംബന്ധിച്ച നിർബന്ധിത പരിശീലനം നൽകിയിരിക്കണം. ശരീരോഷ്മാവ് അളക്കാനും അതിെൻറ ഉപകരണ ഉപയോഗത്തിനുവേണ്ട പരിശീലനം നിയോഗിക്കുന്നവർക്ക് നൽകിയിരിക്കണം, സൂപ്പർവൈസർമാരെ നിയോഗിക്കണം, തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും സെക്യൂരിറ്റി ഗാർഡുകളെ നിയോഗിക്കണം എന്നിവ നടപ്പാക്കൽ തലങ്ങളിലെ മുൻകരുതൽ നടപടികളിലുൾപ്പെടും.
വിനോദ പരിപാടികളുടെ സംഘാടകരോടും എല്ലാ സന്ദർശകരോടും മുൻകരുതൽ നടപടിക്രമങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും പൊതുജനാരോഗ്യ അതോറിറ്റി പുറപ്പെടുവിച്ച നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പിന്തുടരാനും വിനോദ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
പങ്കെടുക്കുന്നവരുടെയും സംഘാടകരുടെയും സുരക്ഷ ഉറപ്പുവരുത്താനായി ഓരോ പരിപാടികളിലും മുൻകരുതൽ നടപടി ക്രമങ്ങൾ അവലോകനം ചെയ്ത് ഉറപ്പുവരുത്തണമെന്നും അതോറിറ്റി ഉണർത്തിയിട്ടുണ്ട്.
https://bit.ly/3bVlJVu എന്ന ലിങ്ക് വഴി വിനോദപരിപാടികൾക്ക് നിശ്ചയിച്ച് മുൻകരുതൽ നടപടികളുടെ ഗൈഡ്ലൈൻ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.