ജിദ്ദ: വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ്–ഉംറ ടെർമിനലിൽ ഒരുക്കങ്ങൾ തുടങ്ങി. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉംറ തീർഥാടനം പുനരാരംഭിക്കുന്ന മൂന്നാംഘട്ടമായ നവംബർ ഒന്ന് മുതലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ അനുവദിക്കുന്നത്.
ഇതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെയാണ് ഇത്തവണ പ്രവേശിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനം വെളിപ്പെട്ടിട്ടില്ല. വരുംദിവസങ്ങളിൽ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉംറ രംഗത്തുള്ളവർ. കർശനമായ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചായിരിക്കും തീർഥാടകരെ പ്രവേശന കവാടങ്ങളിൽ സ്വീകരിക്കുക.
ടെർമിനലിനകത്ത് തീർഥാടകരെ സ്വീകരിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഒാപറേഷൻ എക്സിക്യൂട്ടിവ് മേധാവി എൻജിനീയർ അദ്നാൻ അൽസഖാഫ് വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും കൗണ്ടറുകൾ പ്രവർത്തിക്കുക. തുടക്കത്തിൽ നിർണിതമായ തീർഥാടകരെയായിരിക്കും സ്വീകരിക്കുക.ഘട്ടങ്ങളായി തീർഥാടകരുടെ എണ്ണം കൂട്ടും. പോക്കുവരവുകൾ തമ്മിൽ അകലം പാലിക്കുന്നതിന് ചില ജോലികൾ ടെർമിനലിനകത്ത് നടന്നുവരുകയാണ്. അടുത്ത ദിവസങ്ങളിലായി ഇതു പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.