റിയാദ്: സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയുടെ യമൻ പ്രത്യേക പ്രതിനിധി തിമോത്തി ലെൻഡർകിങ്ങുമായി ചർച്ച നടത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ ഏറ്റവും പുതിയ യമൻ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്യുകയും യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താൻ ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത ശ്രമങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. യോഗത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, യു.എസ് സൗദി അംബാസഡർ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, യമൻ സൗദി അംബാസഡർ മുഹമ്മദ് അൽ ജാബിർ, റിയാദ് യു.എസ് എംബസി ഷർഷെ ദഫേ മാർട്ടിന സ്ട്രോങ്, യമനിലെ യു.എസ് അംബാസഡർ ക്രിസ്റ്റഫർ ഹെൻസൽ എന്നിവർ പങ്കെടുത്തു.
സൗദി സന്ദർശനത്തിനുശേഷം ലെൻഡർകിങ് ഒമാനിലേക്ക് പോകുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. യമനിലുടനീളം അവശ്യവസ്തുക്കളുടെയും മാനുഷിക സഹായങ്ങളുടെയും സ്ഥിരവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പുവരുത്തുന്നതിനും ശാശ്വതമായ വെടിനിർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും കക്ഷികളെ ഒരു രാഷ്ട്രീയ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങൾക്ക് തിമോത്തി ലെൻഡർകിങ്ങിെൻറ സന്ദർശനം സഹായകരമാവുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രസ്താവനയിൽ പറഞ്ഞു. ഈ ആഴ്ച ആദ്യം തിമോത്തി ലെൻഡർകിങ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനെ സന്ദർശിച്ച് യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.