യാംബു: രാജ്യത്തെ രണ്ടാമത്തെ വ്യവസായിക നഗരമായ യാംബുവിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന മോഡോൺ ഒയാസിസ് പ്രോജക്ടിന് അംഗീകാരം. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ യാംബു സന്ദർശിച്ച് സ്ഥിതിവിവരങ്ങൾ മനസ്സിലാക്കിയാണ് പുതിയ പദ്ധതി നടപ്പാക്കാൻ നിർദേശം നൽകിയത്.
450 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 20 പ്ലാൻറുകൾ ഇതിനായി നിർമാണം പൂർത്തിയാക്കും. പുതിയ പ്രോജക്ടിെൻറ വിശദ വിവരങ്ങളും ആസൂത്രണ പദ്ധതികളും പ്രോജക്ട് ഡയറക്ടർ ജനറൽ എൻജി. ഖാലിദ് അൽസാലിം മദീന ഗവർണറെ അറിയിച്ചു. വിവിധ വ്യവസായിക ഉൽപന്നങ്ങളുടെ നിർമാണ പ്രോജക്ടുകൾ ആണ് നടപ്പാക്കുന്നത്. ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ ഉൽപന്നങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് പുറമെ ആഭരണങ്ങളും സൗന്ദര്യവർധക വസ്‌തുക്കളും ഫാഷൻ തുണിത്തരങ്ങളും ഉൾപ്പെടെ നിരവധി നിർമാണ പ്ലാൻറുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഗവർണറേറ്റിലെ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ് ടിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്.
വ്യവസായ മേഖലയിൽ സ്ത്രീകളുടെ ക്രിയാത്‌മകമായ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം പരിഗണന നൽകാനും ഈ പദ്ധതി വഴിവെക്കും. വ്യവസായിക മേഖലയിൽ യുവതികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് ധാരാളം അവസരങ്ങൾ നൽകാനും വനിത സംരംഭകരെ പിന്തുണക്കുന്നതിനും പദ്ധതി പ്രത്യേകം ഊന്നൽ നൽകണമെന്ന് അമീർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.