റിയാദ്: ഫലസ്തീൻ ഗ്രാമമായ ഹുവാറയെ നശിപ്പിക്കാൻ ആഹ്വാനം ചെയ്ത ഇസ്രായേൽ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ചിെൻറ വംശീയ പ്രസ്താവനകളെ ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ഇസ്രായേൽ അധിനിവേശ ശക്തികൾ മൂലമുണ്ടാകുന്ന അസ്ഥിരതയും കാലുഷ്യങ്ങളും കുറയ്ക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ആവശ്യപ്പെട്ടു.
സഹിഷ്ണുതയുടെയും മാനുഷിക സഹവർത്തിത്വത്തിെൻറയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിെൻറ പ്രാധാന്യവും സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആവശ്യത്തെ തങ്ങൾ ശക്തമായിത്തന്നെ പിന്തുണക്കുന്നു. അറബികളുടെയും മുസ്‌ലിംകളുടെയും ഒന്നാമത്തെ പ്രശ്നമാണിത്. ഫലസ്തീൻ പ്രശ്നത്തോടുള്ള ജി.സി.സി അംഗരാജ്യങ്ങളുടെ നിലപാട് ഉറച്ചതുമാണ്. മധ്യപൗരസ്ത്യ ദേശത്തെ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും തങ്ങൾ പിന്തുണക്കുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധ നടപടികൾ അധിനിവേശ ശക്തികൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
ഇതിനിടെ, ഫലസ്തീനിയൻ ഗ്രാമമായ ഹുവാറയെ ഉന്മൂലനം ചെയ്യണമെന്ന തീവ്രവാദ പ്രസ്താവനയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത്തരം നിന്ദ്യമായ വാക്കുകളും ചെയ്തികളും തടയാൻ ഇടപെടണമെന്ന്
അന്താരാഷ്ട്ര സമൂഹത്തോട് വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്തവും അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. ഇസ്രായേൽ അധിനിവേശ ശക്തികൾ തങ്ങളുടെ സഹോദരങ്ങളായ ഫലസ്തീനികൾക്കെതിരെ നടത്തുന്ന അക്രമത്തെയും തീവ്രവാദവും വംശീയതയും പ്രതിഫലിപ്പിക്കുന്ന ഇത്തരം വംശീയവും നിരുത്തരവാദപരവുമായ പ്രസ്താവനകളേയും രാജ്യം പൂർണമായി നിരസിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.