ജിദ്ദ: തിരക്കേറിയ സമയത്തും സീസണൽ സമയങ്ങളിലും ഏറ്റവും കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാനാണ് ഖുബാഅ് വികസന പദ്ധതി ലക്ഷ്യമിടുന്നതെന്ന് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പറഞ്ഞു.
കിങ് സൽമാൻ ഖുബാഅ് മസ്ജിദ്-പരിസര വികസന പദ്ധതിക്ക് പ്ലാൻ തയാറാക്കുന്നതിന് ചുമതലപ്പെടുത്തിയ ആർക്കിടെക്ട് റാസിം ബിൻ ജമാൽ ബദ്റാനെ സന്ദർശിച്ചപ്പോഴാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. മതപരമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിന് പുറമെ ഖുബാഅ് മസ്ജിദിന്റെ ചരിത്രപരമായ സവിശേഷതകൾ രേഖപ്പെടുത്തുക, നഗര വാസ്തുവിദ്യ രീതികൾ സംരക്ഷിക്കുക, ചരിത്രസ്മാരകങ്ങളും അതിനോട് ചേർന്നുള്ളവയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഖുബാഅ് വികസന പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഗവർണർ പറഞ്ഞു.
ഖുബാഅ് മസ്ജിദ് സ്ഥാപിതമായതിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമാണ് നടപ്പാക്കാൻ പോകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഏതാനും മാസം മുമ്പ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് നിർവഹിച്ചത്. ഇതോടെ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 66,000 പേർക്ക് നമസ്കരിക്കാനാകും.
പദ്ധതിക്കായുള്ള എല്ലാ പ്ലാനുകളും ജോലികളും വരും കാലയളവിൽ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും പദ്ധതി നടപ്പാക്കുന്ന സമയത്ത് നിലവിലുള്ള പള്ളിയിൽ ആളുകൾക്ക് പ്രാർഥന നടത്താൻ കഴിയണമെന്നും ഗവർണർ സൂചിപ്പിച്ചു. സൗദിയിലെ സമകാലിക അറബ് വാസ്തുവിദ്യ പ്രതിഭകളിൽ ഒരാളാണ് ഡോ. റാസിം ബദ്റാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.