റിയാദ്: റിയാദ് നഗരത്തിലെ ഏറ്റവും പുരാതന ചന്തകളിൽ ഒന്നാണ് ഹറാജ് ചന്ത എന്നറിയപ്പെടുന്ന ‘ഹറാജ് ബിൻ കാസിം’. അസീസിയ ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന ഹറാജ് ചന്തയിൽ റമദാൻ ആയതോടെ തിരക്ക് വർധിച്ചു. ഉപയോഗിച്ച ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പാത്രങ്ങൾ, വിളക്കുകൾ, കർട്ടനുകൾ, ആർട്ട് വർക്കുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി എന്തും വിൽക്കാനും പുതിയത് വാങ്ങാനുമുള്ള ഇടമാണ് ചന്ത. പഴയത് കൊടുത്ത് പുതിയത് വാങ്ങാനുള്ള മാറ്റക്കച്ചവടത്തിന്റെ തെരുവുകൂടിയാണ് ഹറാജ്.
റമദാൻ എത്തും മുമ്പ് വീട്ടുപകരണങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതും മജ്ലിസുകളിൽ (അതിഥി മുറി) ഏറ്റവും പുതിയ കാർപെറ്റും കർട്ടനും വിരിക്കുന്നതും ഓഫിസുകളിൽ റമദാനിന്റേതായ സവിശേഷ അലങ്കാരങ്ങൾ വരുത്തുന്നതും അറബ് സംസ്കാരത്തിന്റെ ഭാഗമാണ്. വില കുറഞ്ഞതും കൂടിയതുമായ ഏത് ബജറ്റിലും ഒതുങ്ങുന്ന ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും റിയാദ് നഗരത്തിലും പുറത്തും വിവിധ ഭാഗങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളുമായി ധാരാളം ആളുകൾ ഹറാജിലെത്തുന്നുണ്ട്.
രാജ്യത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഹറാജ് ചന്തക്ക്. 1940ൽ ദീര കേന്ദ്രീകരിച്ച് അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് സ്ഥാപിച്ച ചന്തയാണ് ഹറാജിന്റെ തുടക്കം. അക്കാലത്ത് വൈകുന്നേരങ്ങളിൽ ലേലംവിളിയും ഒത്തുകൂടലും കവിയരങ്ങും എല്ലാം ഇവിടെയായിരുന്നെന്ന് ദീരയിലെ പഴയ കച്ചവടക്കാർ പറയുന്നു. പിന്നീട് 1971ൽ അസീസിയ്യയോട് ചേർന്നുള്ള ബത്ഹ സ്ട്രീറ്റിലേക്ക് മാറ്റിസ്ഥാപിച്ചു. 43 വർഷത്തോളം അവിടെ പ്രവർത്തിച്ചു. ഇപ്പോഴും ഭാഗികമായി അവിടെ ചന്ത പ്രവർത്തിക്കുന്നുണ്ട്.
2014ലാണ് പുതിയ ഹറാജിലേക്ക് മാറിയത്. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല ഇന്ന് സൗദിയിലെത്തുന്ന സഞ്ചാരികളുടെയും ഒരു പ്രധാന സന്ദർശനയിടമായി ഹറാജ് മാർക്കറ്റ് മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.