ജിദ്ദ: ജിദ്ദ മേഖലയിൽ കോവിഡ് വാക്സിൻ നൽകുന്നതിന് കൂടുതൽ കേന്ദ്രങ്ങളൊരുക്കി. മേഖലയിലെ അഞ്ച് ആശുപത്രികളിലും ഏഴ് ഹെൽത്ത് സെൻററുകളിലുമാണ് വാക്സിൻ കുത്തിവെപ്പിനുള്ള സൗകര്യം ജിദ്ദ ആരോഗ്യ കാര്യാലയം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ ജിദ്ദ വിമാനത്താവള നോർത്ത് ടെർമിനലിൽ മാത്രമായിരുന്നു വാക്സിൻ കേന്ദ്രമുണ്ടായിരുന്നത്.
കിങ് അബ്ദുൽ അസീസ് ആശുപത്രി, ജിദ്ദ നോർത്ത് കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ്, മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി, ഫീൽഡ് ആശുപത്രി, അദമ് ജനറൽ ആശുപത്രി എന്നിവയിലും മഹ്ജർ ഹെൽത്ത് സെൻറർ, അമീർ അബ്ദുൽ മജീദ് ഹെൽത്ത് സെൻർ, ബവാദി ഹെൽത്ത് സെൻറർ, അബ്ഹുർ നോർത്ത്, ജാമിഅ മെഡിക്കൽ സെൻററുകൾ, റാബിഖിലെ മർജാനിയ ഹെൽത്ത് സെൻറർ, അല്ലീത് ഹെൽത്ത് സെൻറർ എന്നിവയിലാണ് പുതുതായി വാക്സിൻ സേവനം ഒരുക്കിയിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 103 റൂമുകളുണ്ട്. ആവശ്യമായ മെഡിക്കൽ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
കൂടുതലാളുകൾക്ക് വാക്സിൻ നൽകുക ലക്ഷ്യമിട്ടാണ് പുതുതായി കൂടുതൽ കേന്ദ്രങ്ങൾ വാക്സിൻ നൽകാൻ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയിൽ എല്ലാദിവസവും രാവിലെ എട്ടു മുതൽ രാത്രി 12 വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കും. എല്ലാവർക്കും കുത്തിവെപ്പ് സൗകര്യം ലഭ്യമാക്കുന്നതിനാണ് വിവിധയിടങ്ങളിലെ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും വാക്സിൻ വിതരണം ആരംഭിച്ചിരിക്കുന്നതെന്ന് ജിദ്ദ ആരോഗ്യ കാര്യാലയം അറിയിച്ചു.
വാക്സിൻ നൽകുന്നതിനുള്ള സംവിധാനങ്ങൾ നേരേത്ത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായം കൂടിയവർക്കായിരിക്കും മുൻഗണന. ആരോഗ്യസുരക്ഷക്കായി വാക്സിനെടുക്കാൻ സ്വിഹത്തീ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ പൗരന്മാരോടും രാജ്യത്തെ വിദേശികളോടും ജിദ്ദ ആരോഗ്യ കാര്യാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.