റിയാദ്: ഫലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. അതല്ലാതെ ഗസ്സയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള മൗനത്തെ ന്യായീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് അവസരം നൽകരുത്.
ഗസ്സയിൽ യുദ്ധം തുടരുന്നത് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയമാണെന്ന് വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഗസ്സയിൽ നടക്കുന്ന സംഭവങ്ങളിൽ അറബ്, ഇസ്ലാമിക ലോകം രോഷാകുലരാണ്. യാഥാർഥ്യം മാറ്റാനും ദ്വിരാഷ്ട്ര പരിഹാരം നശിപ്പിക്കാനുമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കേണ്ടതുണ്ട്.
മേഖലയിലെ സംഘർഷങ്ങൾ ശമിപ്പിക്കാനാണ് അറബ്-ഇസ്ലാമിക് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതാണ് മധ്യപൂർവേഷ്യയിലെ സംഘർഷത്തിന് പരിഹാരം. മേഖലയിൽ സമാധാനം ഉറപ്പിക്കുന്ന ശാശ്വത പരിഹാരത്തിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
ഏകീകൃത അറബ്, ഇസ്ലാമിക നിലപാട് ഒരു പരിഹാരത്തിലെത്തുന്നതിൽ സ്വാധീനം ചെലുത്തുമെന്നും യുദ്ധം നിർത്തി ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ മുൻഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയിൽ വെടിനിർത്തൽ കരാറിലെത്തുന്നതും അതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.