മക്ക: അടിയന്തര വൈദ്യസഹായം നൽകുന്ന സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ മക്കയിലെ സംഘങ്ങൾ ഡിസംബറിൽ കൈകാര്യം ചെയ്തത് 39,756 കേസുകൾ. റെഡ് ക്രസൻറ് ആംബുലൻസ് ടീമുകൾ 13,854 പേർക്ക് മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കി. റെഡ് ക്രസൻറ് പ്രവർത്തകരുടെ മുന്നിലെത്തിയ എല്ലാ കേസുകളും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചും ആതുര ചികിത്സാമേഖലയിൽ മികവുറ്റ സംഭാവനകൾ അർപ്പിക്കുന്നവരുടെ സേവനം ഉപയോഗപ്പെടുത്തിയുമാണ് കൈകാര്യം ചെയ്തതെന്ന് അതോറിറ്റി വക്താവ് ചൂണ്ടിക്കാട്ടി.
ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകൾ, ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, ഗോൾഫ് കാർട്ടുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയെല്ലാം അതോറിറ്റി സേവനത്തിനായി ഉപയോഗപ്പെടുത്തുന്നു. രോഗികളെ ആംബുലൻസുകളിൽ കൊണ്ടുപോകാൻ റോഡുകളിൽ മറ്റു വാഹന ഡ്രൈവർമാർ ഏറെ സഹായിക്കുന്നതും അപകടസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടാതിരിക്കാൻ പൊലീസ് വിഭാഗങ്ങൾ ഏറെ ജാഗ്രത കാണിക്കുന്നതും രോഗികൾക്ക് പെട്ടെന്ന് ചികിത്സ നൽകാൻ ഏറെ സഹായിച്ചു. റെഡ് ക്രസൻറ് സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നതും മികവുറ്റ സേവനങ്ങൾ നൽകാൻ വഴിവെച്ചതായും അധികൃതർ സൂചിപ്പിച്ചു.
മക്കയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെഡ് ക്രസൻറ് കേന്ദ്രങ്ങളുടെ എണ്ണം 98 ആണ്. ത്വാഇഫിൽ 24 കേന്ദ്രങ്ങളും ജിദ്ദയിൽ 36 കേന്ദ്രങ്ങളും റെഡ് ക്രസൻറുമായി സഹകരിക്കുന്ന മറ്റു 38 സെൻററുകളും ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഓരോ കേന്ദ്രങ്ങൾക്കുകീഴിലും ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ, എമർജൻസി മെഡിസിൻ ടെക്നീഷ്യന്മാർ എന്നിവരുൾപ്പെടുന്ന ഒരു ടീം എപ്പോഴും ജാഗ്രതയോടെ സന്നദ്ധരായി നിൽക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
അടിയന്തര സേവനങ്ങൾ ആവശ്യമുള്ളവർ 997 എന്ന നമ്പറിൽ വിളിക്കുകയോ ‘ഹെൽപ് മീ’ എന്ന റെഡ്ക്രസൻറിന്റെ ആപ്ലിക്കേഷൻ വഴി സേവനം ലഭിക്കാൻ സന്ദേശം അയച്ചോ ബന്ധപ്പെടാമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. സേവനം ആവശ്യമായി വരുന്നവരുടെ അഭ്യർഥനകൾക്ക് അതിവേഗത്തിൽ പ്രതികരണം ഉറപ്പാക്കാനും അടിയന്തര സേവനങ്ങൾ നൽകാനും സൗദി റെഡ് ക്രസൻറ് അതോറിറ്റി പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.