റിയാദ്: തബൂക്ക് മേഖലയിലെ ദുർഘടമായ പർവതപ്രദേശത്ത് കുന്നിൻ മുകളിൽനിന്ന് വീണ സ്വദേശി യുവാവിനെ സൗദി റെഡ് ക്രസന്റ് സംഘം രക്ഷപ്പെടുത്തി. വീഴ്ചയിൽ പരിക്കേറ്റ 30കാരനെ തബൂക്ക് കിങ് സൽമാൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷർമ -തബൂക്ക് റോഡിലെ കുന്നിൻ മുകളിൽനിന്ന് ഒരാൾ വീണതിനെക്കുറിച്ച് തക്കസമയത്ത് തങ്ങളുടെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതാണ് യുവാവിനെ രക്ഷപ്പെടുത്താൻ അവസരമൊരുക്കിയതെന്ന് റെഡ് ക്രസന്റ് അതോറിറ്റിയുടെ തബൂക്ക് ബ്രാഞ്ച് ഡയറക്ടർ ജനറൽ നവാഫ് അൽ-അൻസി പറഞ്ഞു.ദ്രുതഗതിയിൽ അതോറിറ്റിയുടെ നഅമി കേന്ദ്രത്തിൽനിന്ന് പുറപ്പെട്ട ആംബുലൻസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
എത്തിപ്പെടാൻ പ്രയാസമുള്ള മലയോര മേഖലയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് തിരച്ചിൽ സംഘം യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ദുർഘടമായ ഭൂപ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച 'ക്വിക്ക് റെസ്പോൺസ് ടീമി'നെ വിളിച്ചുവരുത്തി. എയർ ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളുമായി സ്ഥലത്തെത്തിയ ടീം യുവാവിനെ രക്ഷപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ വർഷം റെസ്പോൺസ് ടീം തബൂക്ക് മേഖലയിൽ നടത്തുന്ന മൂന്നാമത്തെ രക്ഷാപ്രവർത്തനമാണ് ഇതെന്ന് അൽഅൻസി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ 997 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അടിയന്തര സേവനം തേടണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. 'ആസിഫ്നീ' (എന്നെ രക്ഷിക്കൂ), 'തവക്കൽനാ' ആപ്ലിക്കേഷനുകൾ വഴിയും സഹായം തേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.