വിദേശ ഉംറ തീർഥാടകരുടെ ഇൻഷുറൻസ് തുകയിലെ കുറവ് പ്രാബല്യത്തിൽ

റിയാദ്: വിദേശ ഉംറ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് തുകയിൽ വരുത്തിയ 63 ശതമാനം കുറവ് ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയുടെ പ്രാരംഭ നടപടിക്രമങ്ങളിൽ ഇത് ഉൾപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ചികിത്സ, ആശുപത്രി പ്രവേശം, ഗർഭ ചികിത്സ, അടിയന്തര പ്രസവം, അവശ്യ ദന്തരോഗ ചികിത്സ, വാഹനാപകടവുമായി ബന്ധപ്പെട്ട പരിക്കുകൾ, ഡയാലിസിസ് കേസുകൾ, മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇൻഷുറൻസ് പാക്കേജ്.

തീർഥാടകൻ സൗദിയിൽ എത്തിയശേഷം അപകടത്തിലും മറ്റും ആകസ്മികമായുണ്ടാകുന്ന ശാശ്വത വൈകല്യം, പ്രകൃതിദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം സ്വദേശത്തേക്ക് തിരികെ എത്തിക്കൽ, കോടതി വിധിപ്രകാരമുള്ള ദിയാധനം (ബ്ലഡ് മണി) തുടങ്ങിയ പൊതുവായ കേസുകളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. വിമാനത്തിന്‍റെ കാലതാമസം മൂലമുള്ള നഷ്​ടപരിഹാരം, വിമാനം റദ്ദാക്കൽ നഷ്​ടപരിഹാരം എന്നിവക്കുള്ള പാക്കേജുകളും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്ത് പ്രവേശിക്കുന്ന ദിവസം മുതൽ 90 ദിവസമാണ് ഇൻഷുറൻസ് പരിരക്ഷ കാലാവധിയെന്നും അതി​ന്‍റെ സാധുത സൗദി അറേബ്യയിൽ മാത്രമാണെന്നും മന്ത്രാലയം വിശദീകരിച്ചു. ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി വായിച്ചു ബോധ്യപ്പെടാനും അതി​ന്‍റെ സാധുത പരിശോധിക്കാനും സേവന ദാതാക്കളെ അറിയാനും ഹജ്ജ് ഉംറ മന്ത്രാലയത്തിന്‍റെ സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം വെബ്‌സൈറ്റ് സന്ദർശിക്കാം.

Tags:    
News Summary - Reduction in insurance amount for foreign Umrah pilgrims in effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.