റിയാദ്: സിറിയയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ടും അതിന് ലോകം കൽപിക്കേണ്ട പ്രാധാന്യം ഊന്നിപ്പറഞ്ഞും സൗദി മന്ത്രിസഭ. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന യോഗമാണ് സിറിയയുടെ പരമാധികാരത്തെ മാനിക്കുകയും അതിന്റെ കാര്യങ്ങളിൽ വിദേശ ഇടപെടൽ നിരസിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
ഈ വിഷയത്തിൽ അറബ്, ഗൾഫ് രാജ്യങ്ങളുടെ അസാധാരണ മന്ത്രിതല യോഗം നടത്തിയ പ്രസ്താവനയെ മന്തിസഭ ശരിവെച്ചു. ഫലസ്തീൻ ജനതക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.
അൽ അഖ്സ പള്ളിയുടെ പവിത്രതക്കെതിരായ തുടർച്ചയായ ആക്രമണങ്ങളെയും ജറുസലേമിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളെയും ശക്തമായി അപലപിച്ചു.
ഫലസ്തീനിലെ നിരപരാധികളായ സിവിലിയന്മാർക്കും ഇസ്ലാമിക ഗേഹങ്ങൾക്കും എതിരായ ഗുരുതരമായ ലംഘനങ്ങൾക്ക് ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ മൊത്തത്തിലുള്ള സംഭവവികാസങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നതിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പശ്ചിമേഷ്യൻ മേഖലയിലും ലോകത്താകെയും സുരക്ഷയും സമൃദ്ധിയും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
യമന് നൽകിയ പുതിയ സാമ്പത്തിക പിന്തുണ സാമ്പത്തികമായ പുരോഗതി കൈവരിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര വളർച്ചക്കും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനും യമൻ ജനതക്ക് സ്ഥിരതയും വികസനവും കൈവരിക്കുന്നതിനുമാണെന്നും മന്ത്രിസഭ വ്യക്തമാക്കി.
യോഗം നിരവധി വകുപ്പുകളുടെ പ്രകടന സൂചകങ്ങൾ അവലോകനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളെ പിന്തുണക്കുന്നതിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖല കൈവരിച്ച ശ്രദ്ധേയമായ വളർച്ചയെ മന്ത്രിസഭ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.