റിയാദ്: ഔദ്യോഗിക ദൗത്യങ്ങളുമായി സിറിയൻ ഉന്നതതല പ്രതിനിധി സംഘം റിയാദിലെത്തി. പുതിയ രാഷ്ട്രീയ ഭരണകൂടം ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രപരമായ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി പറഞ്ഞു. സൗദിയുമായുള്ള ബന്ധത്തിൽ പുതിയതും തിളക്കമാർന്നതുമായ ഒരു അധ്യായം തുറക്കാൻ പുതിയ സിറിയൻ ഭരണകൂടം ആഗ്രഹിക്കുന്നുവെന്നും അൽ ശൈബാനി പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് വിദേശകാര്യ മന്ത്രി അസദ് അൽശൈബാനി, പ്രതിരോധ മന്ത്രി മുർഹഫ് അബു ഖസ്‌റ, ഇൻറലിജൻസ് തലവൻ അനസ് ഖത്താബ് എന്നിവരുൾപ്പെട്ട ഉന്നതതല സിറിയൻ പ്രതിനിധി സംഘം റിയാദിലെത്തിയത്. കഴിഞ്ഞ ഡിസംബറിൽ മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ അട്ടിമറിച്ചതിന് ശേഷം പുതിയ സിറിയൻ അധികാരികൾ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
സൗദി വിദേശകാര്യ മന്ത്രി അമീറ ഫൈസൽ ബിൻ ഫർഹാനിൽനിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചത് അനുസരിച്ചാണ് സന്ദർശനമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനി പറഞ്ഞു. സ്നേഹത്തോടും സന്തോഷത്തോടും കൂടി താൻ ക്ഷണം സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിൽ എെൻറ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സൗദിയിലെ ഞങ്ങളുടെ സഹോദരങ്ങളുമായി എല്ലാ മേഖലകളിലും തന്ത്രപരമായ ബന്ധം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സിറിയൻ ഉന്നതതല സംഘത്തെ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജിയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.