മലയാളി ഹാജിമാർ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിൽ

മലയാളി ഹാജിമാരുടെ മടക്കയാത്ര വെള്ളിയാഴ്ച മുതൽ

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ എത്തിയ മലയാളി ഹാജിമാരുടെ മടക്കയാത്രക്ക് വെള്ളിയാഴ്ച (ജൂലൈ 15) തുടക്കം. ഇന്ത്യയിലേക്ക് ആദ്യം മടങ്ങുന്നത് 377 പേരടങ്ങുന്ന മലയാളി സംഘമാണ്. വൈകീട്ട് നാലിനാണ് സൗദി എയർലൈൻസിന്റെ എസ്.വി 5702 വിമാനത്തിലാണ് യാത്ര. ഇന്ത്യൻ സമയം രാത്രി 10ന് കൊച്ചിയിൽ ഇറങ്ങും.

ഇത് കൂടാതെ ഡൽഹി, ശ്രീനഗർ എന്നിവിടങ്ങളിലേക്കും വെള്ളിയാഴ്ച ഹാജിമാർ മടങ്ങുന്നുണ്ട്. കൊച്ചിയിൽ തീർഥാടകരെ സ്വീകരിക്കാൻ ആവശ്യമായ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഹാജിമാരുടെ ലഗേജ് എടുത്തുനൽകാൻ പ്രതേകം വളന്റിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്. ഹാജിമാർക്ക് പ്രാർഥനക്കും മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹാജിമാരെ സ്വീകരിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ഏത്തുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അഷ്‌റഫ് അരയൻകോട് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

2,062 പുരുഷന്മാരും 3,704 വനിതകളും ഉൾപ്പടെ 5,766 മലയാളി തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ പുരുഷസഹായമില്ലാതെ (നോൺ മഹ്‌റം) ഹജ്ജിന് എത്തിയത് 1,650 പേരാണ്. കരിമ്പനക്കൽ അബൂബക്കർ എന്ന തീർഥാടകൻ ഹജ്ജിന് മുമ്പേ മദീനയിൽ വെച്ച് മരണപ്പെട്ടത് സഹ തീർഥാടകർക്ക് നോവേറും ഓർമയായി. തീർഥാടകർക്കൊപ്പം 38 വളന്റിയർമാരും എത്തിയിരുന്നു. മലയാളി തീർഥാടകരെ കൂടാതെ ലക്ഷദ്വീപ് (143), തമിഴ്നാട് (1,672), പോണ്ടിച്ചേരി (43), അന്തമാൻ (103) എന്നിവിടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരി എംബാർക്കേഷന്‍ പോയിന്റ് വഴി ഇത്തവണ ഹജ്ജിനെത്തിയിരുന്നു. ഇവരുൾപ്പെടെ ആകെ 7,727 ഹാജിമാര്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ സ്വദേശത്തേക്ക് മടങ്ങൂന്നത്. വെള്ളിയാഴ്ച രണ്ടു വിമാനങ്ങളിലായി 753 തീര്‍ഥാടകരാണ് യാത്രയാവുന്നത്. ആഗസ്റ്റ് ഒന്ന് വരെയാണ് നെടുമ്പശ്ശേരിയിലേക്കുള്ള ഹാജിമാരുടെ മടക്കം.

സൗദി എയർലൈൻസിന്റെ 21 വിമാനങ്ങളില്‍ ആയാണ് ഹാജിമാര്‍ മടങ്ങുന്നത്. നെടുമ്പാശേരി എംബാർക്കേഷൻ പോയിന്റ് വഴി എത്തിയ മുഴുവൻ തീർഥാടകരും മദീന സന്ദർശനം ഹജ്ജിന് മുമ്പ് പൂർത്തിയാക്കിയിരുന്നു. കൊച്ചിയിലേക്കുള്ള മുഴുവൻ ഹാജിമാരും മടങ്ങുന്നത് ജിദ്ദ വഴിയാണ്. ഹാജിമാരുടെ ലഗേജുകള്‍ 24 മണിക്കൂര്‍ മുമ്പേ നല്‍കി എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചിരുന്നു. വിടവാങ്ങൽ കഅബ പ്രദിക്ഷണം നാട്ടിൽ നിന്നെത്തിയ വളന്റിയർമാരുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ടോടെ പൂർത്തിയാക്കിയിരുന്നു. യാത്ര പുറപെടുന്നതിന് 12 മണിക്കൂര്‍ മുമ്പേ ഹജ്ജ് സർവിസ് കമ്പനികള്‍ ഏര്‍പ്പെടുത്തിയ പ്രതേക ബസുകളിൽ ഹാജിമാരെ ജിദ്ദ ഹജ്ജ് ടെര്‍മിനലിലെക്ക് കൊണ്ടുപോകും. യാത്ര തിരിക്കുന്ന ദിവസം ഭക്ഷണം ഹജ്ജ് സർവിസ് കമ്പനികള്‍ ഹാജിമാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

Tags:    
News Summary - Return journey of Malayali hajjees from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.