കഴിഞ്ഞ മത്സരം വീക്ഷിക്കാനെത്തിയ ഫുട്ബാൾ പ്രേമികൾ 

റിഫ മെഗാ കപ്പ്: പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന്

റിയാദ്‌: റിയാദ്‌ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന 'തൻമിയ' ട്രോഫിക്കുവേണ്ടിയുള്ള റിഫ മെഗാകപ്പ് ടൂർണമെന്റിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും. 32 ടീമുകൾ പങ്കെടുത്ത ആദ്യ റൗണ്ടിൽനിന്നു വിജയിച്ച 16 ടീമുകളാണ് ഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതു മുതൽ മാറ്റുരക്കുക. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, സെക്രട്ടറി സൈഫു കരുളായി എന്നിവർ അറിയിച്ചു.

ഫുട്ബാൾപ്രേമികളുടെ വർധിച്ച പിന്തുണയാണ് ഈ കാൽപന്തുകളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം നാടിന്റെയോ ക്ലബിന്റെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യമാണ് ഓരോരുത്തരെയും ഗ്രൗണ്ടിലേക്ക് ആകർഷിക്കുന്നത്.

ഒപ്പം ഫുട്ബാൾകമ്പവും. ലോകകപ്പ് മത്സരങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന മലയാളി പ്രവാസികൾക്ക് അതുപോലെതന്നെ പ്രിയപ്പെട്ടതാണ് സ്വന്തം തട്ടകത്തിലെ ഈ മത്സരങ്ങളും. ക്വാർട്ടറിൽ പ്രവേശിക്കാനുള്ള ഇച്ഛാശക്തിയോടെയാണ് ഓരോ ടീമും സ്റ്റേഡിയത്തിലെത്തുക. പുതിയ തന്ത്രങ്ങളും കരുക്കളും ഒപ്പം എതിർടീമിന്റെ ബലഹീനതകളും കണക്കുകൂട്ടിയാണ് കളി മെനയുക. എന്നാൽ, ടർഫിലെ വേഗമേറിയ പിച്ച് വരുതിയിൽ നിർത്താൻ സാധിക്കുന്നിടത്തായിരിക്കും കളിയുടെ ജയപരാജയങ്ങൾ.

ശരീഫ്, അമീൻ, അബ്ദു, നൗഷാദ് എന്നിവരടങ്ങിയ വിദഗ്ധ അമ്പയറിങ് വിഭാഗമാണ് മത്സരം നിയന്ത്രിക്കുന്നത്. പതിവിൽനിന്നു വ്യത്യസ്തമായി കാമറക്കണ്ണുകളോടെ തേഡ് അമ്പയറും മത്സരം നിരീക്ഷിക്കും. ഹാഫ് ലൈറ്റ്, സുലൈ എഫ്.സി, ഫെഡ് ഫൈറ്റേഴ്‌സ്, റോയൽ ഫോക്കസ് ലൈൻ, മൻസൂറ അറേബ്യ, റീകോ എഫ്.സി, വാഴക്കാട് ബ്ലാസ്റ്റേഴ്‌സ്, റെയിൻബോ വാഴക്കാട്, യൂത്ത് ഇന്ത്യ സോക്കർ, ഐ.എഫ്.എഫ്, റോയൽ ബ്രദേഴ്‌സ്, അറേബ്യൻ ചലഞ്ചേഴ്‌സ്, റിയാദ്‌ ബ്ലാസ്റ്റേഴ്‌സ്, കേരള ഇലവൻ, ടൈഗർ എഫ്.സി, അസീസിയ്യ സോക്കർ എന്നീ 16 ടീമുകളാണ് വ്യാഴാഴ്ച കളത്തിലിറങ്ങുക. വെള്ളിയാഴ്ച ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - RIFA MEGA CUP: PREQUARTER MATCHES TODAY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.