റിയാദ് നഗരത്തിൽ പറന്ന 'റിയാദ് എയർ' വിമാനം കിങ്ഡം ടവറിന് മുകളിൽ

സൗദി വ്യോമയാനത്തിന് ചരിത്ര നിമിഷം; തലസ്ഥാന നഗരിക്ക് മുകളിലൂടെ പറന്ന് 'റിയാദ് എയർ'

റിയാദ്: സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ പുതിയ ഏട് അടയാളപ്പെടുത്തി രാജ്യത്തിന്റെ പുതിയ വിമാനമായ 'റിയാദ് എയർ' തലസ്ഥാന നഗരിക്ക് മുകളിലൂടെ പറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബോയിങ് 787 ഡ്രീം ലൈനർ വിമാനം 'റിയാദ് എയർ' കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്.

കിങ് അബ്ദുല്ല സാമ്പത്തിക മേഖല, കിങ് ഖാലിദ് ഗ്രാൻഡ് മസ്ജിദ്, കിങ് ഫഹദ് റോഡിന്റെ വശത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കിങ്ഡം ടവർ, ഫൈസലിയ ടവർ എന്നിവക്ക് മുകളിലൂടെ താഴ്ന്നുപറന്ന പർപ്പിൾ കളർ വിമാനത്തെ സൗദി ഹോക്‌സിന്റെ ജെറ്റ് വിമാനത്തിൽ റോയൽ സൗദി എയർഫോഴ്‌സിന്റെ ഡിസ്‌പ്ലേ ടീം അനുഗമിച്ചു.

2025 ൽ ആരംഭിക്കാനിരിക്കുന്ന 'റിയാദ് എയർ' വിമാനത്തിന്റെ ആദ്യ ഔദ്യോഗിക പറന്നുയരലായിരുന്നു ഇന്നത്തേത്. കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാർച്ച് 12 ന് പ്രഖ്യാപിച്ച 'റിയാദ് എയറി'ന്റെ N8573C എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസം റിയാദിന് മുകളിലൂടെ പറന്നത്. ലോകത്തിലെ തന്നെ മികച്ച സൗകര്യവും സേവനവും ഉറപ്പ് നൽകുന്ന 'റിയാദ് എയർ' 2030 ഓടെ ലോകത്തിലെ 100 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും.

അത്യാധുനിക ഫീച്ചറുകളും നൂതനമായ കാബിൻ സജ്ജീകരണവും ഡിജിറ്റൽ വിനോദ സംവിധാനങ്ങളും വിഭാവന ചെയ്യുന്ന ഡ്രീം ലൈനർ വിമാനങ്ങൾ സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനികമായ ആവിഷ്കരമായിരിക്കും. അബുദാബി ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സിന്റെ മുൻ സി.ഇ.ഒ ടോണി ഡഗ്ലസാണ് റിയാദ് എയറിന്റെ അമരത്ത്.

Tags:    
News Summary - Riyadh Air takes flight over Saudi Arabia's capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.