റിയാദ്: സെപ്റ്റംബർ 29ന് ആരംഭിക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത ചരിത്രം പറയുന്ന 'സുൽത്താൻ വാരിയംകുന്നൻ' പുസ്തകവുമെത്തും. സാംസ്കാരിക കേരളം ഏറെ വായിച്ചും വിശകലനം ചെയ്തും വലിയ വിവാദങ്ങൾക്ക് വിധേയമായ ഈ പുസ്തകം മേളയിൽ സവിശേഷ ശ്രദ്ധയാകർഷിക്കും. മലപ്പുറം താനൂർ സ്വദേശി റമീസ് മുഹമ്മദാണ് പുസ്തകത്തിന്റെ രചയിതാവ്. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പുസ്തകം പ്രകാശനം ചെയ്തത്. കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ രൂപമെന്ന നിലയിൽ കണ്ടെത്തിയ ചിത്രം കവർചിത്രമാക്കി ആയിരുന്നു അന്ന് പുസ്തകം പുറത്തിറങ്ങിയത്. അത് വലിയ വാർത്താപ്രാധാന്യമുണ്ടാക്കി. അതുവരെ കണ്ടതല്ലെന്നും ഇതാണ് യഥാർഥ കുഞ്ഞഹമ്മദ് ഹാജിയെന്നും ബലിഷ്ഠമായ ആകാരവടിവുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും പുതിയ ചിത്രം വ്യക്തമാക്കുന്നുണ്ട്. ഇതും ചെറിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഏതായാലും ഏറെക്കാലത്തെ ഗവേഷണപഠനങ്ങളുടെയും അന്വേഷണത്തിന്റെയും ഫലമായി കണ്ടെത്തിയതെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്ന അതേ ചിത്രം കവർപേജായ പുസ്തകം തന്നെയാണ് സൗദിയിലുമെത്തുന്നത്.
എഴുത്തുകാരനെ നേരിൽ കാണുന്നതിനും രചയിതാവിന്റെ കൈയൊപ്പോടെ പുസ്തകം സ്വന്തമാക്കുന്നതിനുമുള്ള അവസരം മേളയിൽ പുസ്തകപ്രേമികൾക്ക് ലഭിക്കും. ഷാർജ പുസ്തകമേളയിൽ മൂന്നുദിവസം കൊണ്ട് 2,000 കോപ്പികളാണ് ഈ പുസ്തകം വിറ്റഴിഞ്ഞത്. ഇന്ത്യക്കു പുറത്ത് ഷാർജ പുസ്തകമേളക്കുശേഷം സൗദി അറേബ്യയിലാണ് പുസ്തകം എത്തുന്നത്. ടു ഹോൺ ക്രിയേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. സ്റ്റാൾ നമ്പർ ഇ-11 ലായിരിക്കും പുസ്തകം ലഭ്യമാകുക. ആയിരം പുസ്തകങ്ങൾ വിൽപനക്കായി കൊണ്ടുവരുന്നുണ്ടെന്ന് ടു ഹോൺ ക്രിയേഷൻസ് ചെയർമാൻ സിക്കന്തർ ഹയാത്തുല്ല 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
റിയാദ് ഫ്രണ്ട് എക്സിബിഷൻ നഗരിയിൽ സെപ്റ്റംബർ 29ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് അവസാനിക്കുന്ന മേളയിലേക്ക് ഇത്തവണ മലയാളത്തിൽനിന്ന് കൂടുതൽ പ്രസാധകരെത്തും. ഡി.സി ബുക്സ്, ഹരിതം, ഒലിവ് തുടങ്ങിയ പ്രസാധകർ ഇതിനകം പവിലിയൻ ഉറപ്പിച്ചു. സൗദിയിൽ ആദ്യമായാണ് ഇത്രയും മലയാള പ്രസാധകരെത്തുന്ന പുസ്തകമേള. കഴിഞ്ഞ വർഷത്തെ പുസ്തകമേളയിൽ ഡി.സി ബുക്സ് എത്തിയിരുന്നെങ്കിലും പ്രദർശനത്തിന് മാത്രമേ അനുമതി കിട്ടിയിരുന്നുള്ളൂ. എന്നാൽ ഇത്തവണ പ്രദർശനത്തിനും വിൽപനക്കുമുള്ള അനുമതിയോടെയാണ് പ്രസാധകർ എത്തുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് വിഖ്യാത എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്ന മേളയിൽ ഇത്തവണ തുനീഷ്യയാണ് അതിഥി രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.