റിയാദ്: കാൽപന്തുകളിയുടെ മനോഹര നിമിഷങ്ങൾ സമ്മാനിച്ച റിയാദ് കെ.എം.സി.സി - എ.ബി.സി ഫുട്ബാൾ ടൂർണമെന്റിന് ആഘോഷാരവങ്ങളോടെ പരിസമാപ്തി. കലാശപ്പോരാട്ടത്തിൽ ചേലക്കര മണ്ഡലത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് നിലമ്പൂർ മണ്ഡലം എ.ബി.സി കപ്പിൽ മുത്തമിട്ടു. സെൻട്രൽ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആദ്യവസാനം വീറും വാശിയും നിറഞ്ഞതായിരുന്നു.
ഇരു ഗോൾമുഖത്തും നിരന്തരം ആക്രമണങ്ങളുണ്ടായെങ്കിലും നിലമ്പൂർ തന്നെയായിരുന്നു കളിയിലെ കേമന്മാർ. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയ നിലമ്പൂരിനെതിരെ രണ്ടാം പകുതിയിൽ ചേലക്കര തിരിച്ചടിച്ചെങ്കിലും വീണ്ടും ഒരു ഗോൾകൂടി നേടി നിലമ്പൂർ വിജയം ഉറപ്പിക്കുകയായിരുന്നു.
രണ്ടര മാസക്കാലം നീണ്ടുനിന്ന ടൂർണമെന്റിൽ 16 മണ്ഡലങ്ങളുടെ ടീമുകളാണ് പങ്കെടുത്തത്. റിയാദ് ബംഗ്ലഫിലെ അൽ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയായി. ഫൈനലിനോടനുബന്ധിച്ച് റിയാദിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത വടംവലി മത്സരം ആവേശം പകർന്നു.
വാശിയേറിയ മത്സരത്തിൽ റിയാദ് ടാക്കീസിനെ പരാജയപ്പെടുത്തി കനിവ് ടീം ജേതാക്കളായി. റിയാദ് ടാക്കീസ് ടീമിന്റെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യാതിഥിയായ സൽമാൻ കുറ്റിക്കോടിനെ നേതാക്കളും പ്രവർത്തകരുംകൂടി ഗ്രൗണ്ടിലേക്ക് ആനയിച്ചത്. പിറകിൽ ഫൈനൽ മത്സരാർഥികളായ നിലമ്പൂരും ചേലക്കരയും അണിനിരന്നു.
കുടുംബിനികളടക്കം ആയിരങ്ങൾ മത്സരം വീക്ഷിക്കാൻ ഖാബൂസ് സ്റ്റേഡിയത്തിലെത്തിയിരുന്നു. ടൂർണമെന്റിലെ ജേതാക്കൾക്കുള്ള എ.ബി.സി കാർഗോ ട്രോഫിയും പ്രൈസ് മണിയും ഡയറക്ടർ നിസാർ അബ്ദുൽ ഖാദറും മുഖ്യാതിഥി സൽമാൻ കുറ്റിക്കോടും ചേർന്ന് നിലമ്പൂർ മണ്ഡലത്തിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും പ്രൈസ് മണിയും ചേലക്കര മണ്ഡലത്തിന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ സമ്മാനിച്ചു.
ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഷമീർ (നിലമ്പൂർ), മികച്ച താരമായി സുധീഷ് (നിലമ്പൂർ), മികച്ച മുന്നേറ്റ താരം മുബാറക്ക് അരീക്കോട് (ചേലക്കര), മികച്ച ഗോൾകീപ്പറായി ഷാഫി (നിലമ്പൂർ) എന്നിവരെ തെരഞ്ഞെടുത്തു. സി.പി. മുസ്തഫ, നിസാർ അബ്ദുൽ ഖാദർ, സലീം കളക്കര (ഒ.ഐ.സി.സി) തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. സമാപന ചടങ്ങിൽ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ടി.വി.എസ്. സലാമിന് പുരസ്കാരം സമ്മാനിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ കെ.എം.സി.സി പ്രവർത്തകരെ ആദരിച്ചു. സെക്രട്ടറി മുജീബ് ഉപ്പട ടൂർണമെന്റിനെ കുറിച്ചു വിശദീകരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ ഫറോക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.