റിയാദ്: കാരുണ്യ സേവന വഴിയിൽ കെ.എം.സി.സി വീണ്ടും വിസ്മയം തീർക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സി.എച്ച് സെൻറർ സൗദി ചാപ്റ്റർ കമ്മിറ്റികളുടെയും ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സി.എച്ച് സെൻററുകൾക്ക് വേണ്ടി നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിൽ ലഭിച്ച 75 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. സഹജീവി സ്നേഹം കൊണ്ടും ആർദ്രമായ മനസ്സുകൊണ്ടും കെ.എം.സി.സി രൂപപ്പെടുത്തിയ സംസ്കാരം അനുകരണീയമാണ്. പ്രവാസ മണ്ണിൽ ദുരിതമനുഭവിക്കുന്നവരേ ചേർത്ത് നിർത്താൻ എല്ലാ കാലത്തും മുന്നിൽനിന്ന പ്രസ്ഥാനം കൂടിയാണ് കെ.എം.സി.സി. മുസ്ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളും ആശുപത്രികളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെൻററുകൾ പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്ന ആശ്വാസം മഹത്തരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ്, മരുന്ന്, ലബോറട്ടറി, സൗജന്യഭക്ഷണം, ആംബുലൻസ് സേവനം, ഫിസിയോ തെറാപ്പി, താമസസൗകര്യം തുടങ്ങി വിവിധ സേവനങ്ങൾ സി.എച്ച് സെൻററുകൾ നൽകി വരുന്നുണ്ട്.തിരുവനന്തപുരം, കോഴിക്കോട്, മഞ്ചേരി തുടങ്ങി കേരളത്തിൽ പ്രവർത്തിക്കുന്ന 21 സി.എച്ച് സെൻററുകൾക്ക് വേണ്ടിയാണ് കെ.എം.സി.സി ഫണ്ട് കൈമാറിയത്. ചടങ്ങിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ജലീൽ തിരൂർ, നാസർ മാങ്കാവ്, ഷാഫി തുവ്വൂർ, വിവിധ കെ.എം.സി.സി ഘടകങ്ങളിലെ ഭാരവാഹികളായ മജീദ് മണ്ണാർമല, നൗഫൽ തിരൂർ, ജുനൈദ് താനൂർ, വാഹിദ് കൊടക്കാട്, സൈദലവി മഞ്ചേരി, ശറഫുദ്ധീൻ തേഞ്ഞിപ്പലം, മഅ്റൂഫ് താനൂർ, സൈദലവി തിരൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.