റിയാദ്: പുതുവർഷത്തിന് വൻ വരവേൽപ് നൽകി റിയാദ് സീസൺ. പ്രധാന വേദിയായ ‘ബോളിവാർഡ് സിറ്റി’യിൽ അത്ഭുതങ്ങളുടെ ചെപ്പുമായി ‘ഡിസ്നി കാസിൽ’ സന്ദർശകർക്കായി പുതുവത്സര ദിനത്തിൽ തുറന്നു കൊടുത്തു.
മനോഹര കമാനവും മിനാരങ്ങൾ നിറഞ്ഞ ഡിസ്നിയുടെ പ്രതീകാത്മക കോട്ടയും ഗംഭീര കാഴ്ചാനുഭവമാണ്. പാശ്ചാത്യ സംഗീതത്തിന്റെയും കലാകാരന്മാരുടെയും മാന്ത്രികപ്രകടനങ്ങളുടെയും വ്യത്യസ്തഭാവങ്ങൾ കാണികളിൽ അമ്പരപ്പും ആഹ്ലാദവും നിറക്കും. സ്റ്റേജിലും കോട്ടക്ക് മുകളിലും ചടുലതാളങ്ങളിൽ ചുവടുവെക്കുമ്പോൾ പ്രേക്ഷകനിൽ ആനന്ദത്തിന്റെ നൂപുരധ്വനികളുയരും. ലേസർ രശ്മികളുടെ മാസ്മരിക പ്രഭാവലയത്തിൽ സ്ക്രീനിൽ തെളിയുന്ന ഡിസ്നിയുടെ അനിമേറ്റഡ് ചിത്രങ്ങളോട് സംവദിച്ചെത്തുന്ന കലാകാരന്മാർ പോപ്പ് സംഗീതത്തിന്റെ അപാരതകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നു.
അരമണിക്കൂറിലധികമുള്ള ഈ ഷോയോടൊപ്പം വിണ്ണിലേക്കുയരുന്ന കരിമരുന്നു പ്രയോഗവും ആകാശ നീലിമയിൽ തീർക്കുന്ന വിസ്മയക്കാഴ്ചകളും സന്ദർശകരിൽ ആവേശം ഇരട്ടിപ്പിക്കും.
‘ഡിസ്നി’ നൂറു വർഷം ആഘോഷിക്കുമ്പോൾ അതിന്റെ മാന്ത്രികത, ഇതാദ്യമായാണ് സൗദി അറേബ്യയിൽ എത്തുന്നത്. മിഡിലീസ്റ്റിൽ ഇത് ആദ്യാനുഭവമാണ്. സ്വദേശികൾക്ക് പുറമെ ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഷോ കാണാനാനെത്തുന്നുണ്ട്. പുതുവത്സരദിനങ്ങളിൽ പുതു അനുഭവങ്ങൾ തേടി സഞ്ചാരികൾ ബോളിവാർഡിലേക്ക് ഒഴുകുകയാണ്. കാസിലിന് ചുറ്റും വ്യത്യസ്ത ഗെയിമുകളും കോഫി ഹൗസുകളും വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. തിങ്ങിനിറഞ്ഞ സന്ദർശക കൂട്ടത്തോടൊപ്പം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന അറേബ്യൻ ഊദിന്റെയും ഖഹ്വയുടെയും ഗന്ധവും അനുഭൂതിയുടെ വേറിട്ടൊരു ലോകത്തേക്ക് പ്രേക്ഷകരെ നയിക്കും. വാൾട്ട് ഡിസ്നി കമ്പനി ഒരുക്കിയ ഈ വിനോദക്കോട്ടയിൽ യു.എസിൽനിന്നും യൂറോപ്പിൽനിന്നുമുള്ള ലോകോത്തര കലാകാരന്മാരാണ് പാട്ടും നൃത്തവുമായി കാണികളെ രസിപ്പിക്കുന്നത്. ‘ബോളിവാർഡ് വേൾഡി’ന് അടുത്തായി, നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള ‘ബോളിവാർഡ് സിറ്റി’യിലാണ് ഡിസ്നി കാസിൽ.
എല്ലാ പ്രവൃത്തിദിവസവും വൈകീട്ട് അഞ്ച് മുതൽ അർധരാത്രി വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ 1.30 വരെയും സന്ദർശകർക്ക് പരിപാടികൾ ആസ്വദിക്കാം. ടിക്കറ്റുകൾ webook.com-ൽ ലഭ്യമാണ്. മൂന്ന് ടിക്കറ്റ് വിഭാഗങ്ങളുണ്ട്. സാധാരണ ടിക്കറ്റുകൾ 125 റിയാൽ മുതൽ ആരംഭിക്കുന്നു. ഗോൾഡ് ടിക്കറ്റ് 350 റിയാൽ മുതലാണ്.
റിയാദ് ബോളിവാർഡ് ഡിസ്നി കാസിൽ പ്രവേശന കവാടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.