ജുബൈൽ: കടുത്ത ചൂടിൽനിന്നും സായാഹ്നങ്ങളിൽ കാലാവസ്ഥ പതിയെ ചെറിയ തണുപ്പിലേക്ക് വഴിമാറിയതോടെ വഴിയോരക്കച്ചവടങ്ങൾ സജീവമാകുന്നു. ജുബൈലിലെ പ്രധാന സർവിസ് റോഡുകളിലും ബീച്ചുകളിലും ഫുഡ് ട്രക്കുകളിൽ കച്ചവടം പൊടിപൊടിക്കുന്നു.
വിവിധ തരം ചായ, കാപ്പി, ജ്യൂസുകൾ, ബർഗറുകൾ, ഫാസ്റ്റ് ഫുഡ്, ലഘുഭക്ഷണങ്ങൾ, ഐസ് ക്രീം എന്നിവയെല്ലാം ട്രക്കുകളിൽ ലഭ്യമാണ്. മലയാളി വിഭവങ്ങളും സുലഭം.
ഫുഡ് ട്രക്കിന് ചുറ്റും പല വർണങ്ങളിലുള്ള വിളക്കുകളാൽ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. മേശക്ക് നാലു പുറവുമിരുന്ന് സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒത്തുകൂടാൻ അനുയോജ്യമായ രീതിയിലാണ് ക്രമീകരണം.
വൈകുന്നേരമാകുന്നതോടെ സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഫിഷ് മാർക്കറ്റ് പള്ളിയുടെ അടുത്തായി ബീച്ചിനോട് ചേർന്ന് ഫുഡ് ട്രക്കിൽ തട്ടുകട നടത്തുന്ന മലയാളികളായ സൈഫും അജ്മലും പറഞ്ഞു.
ബീച്ചിന് അഭിമുഖമായി കടലിൽനിന്നുള്ള ഇളം കാറ്റേറ്റ് മങ്ങിയ വെളിച്ചത്തിലുള്ള ഓപൺ എയർ ഡൈനിങ് നല്ലൊരു വൈബാണ് സമ്മാനിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. ജീവിത സമ്മർദങ്ങൾക്കിടയിൽനിന്ന് മുക്തി നേടി മനസ്സിന് സമാധാനവും ഉല്ലാസവും പകരാൻ നല്ലൊരു ഉപാധിയാണ് ഈ ഒത്തുകൂടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.