ജിദ്ദ: ഡൽഹി ലജ്പത് നഗർ ജില്ല മജിസ്ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ സാബിയ സെയ്ഫി എന്ന 21കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയും മനുഷ്യത്വരഹിതമായി വെട്ടിനുറുക്കി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യഥാർഥ പ്രതികളെ പിടികൂടുന്നതിൽ അധികൃതർ അനാസ്ഥ വെടിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നാലുമാസം മുമ്പ് മാത്രം ഡൽഹി സിവിൽ ഡിഫെൻസ് സേനയിൽ ജോലിയിൽ പ്രവേശിച്ച സാബിയ സെയ്ഫിയെ കഴിഞ്ഞ ആഗസ്റ്റ് 26ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ശരീരമാസകലം വെട്ടിനുറുക്കി വികൃതമാക്കുകയും അവയവങ്ങൾ ഛേദിക്കുകയും ചെയ്തത്.
സംഭവം നടന്ന് ഒരാഴ്ചയിലധികമായിട്ടും പ്രതികളെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ പൊലീസ് അലംഭാവം കാട്ടുകയാണ്.
ജില്ല മജിസ്ട്രേറ്റ് ഓഫിസിലെ പ്രതിരോധ സേനയിൽ അംഗമായിരുന്നിട്ടും സാബിയ സെയ്ഫിയെ ചിത്രവധം ചെയ്ത യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ അധികൃതർ തുടരുന്ന തണുപ്പൻ നടപടികൾക്കെതിരെ ഇരയുടെ കുടുംബംതന്നെ ജില്ല മജിസ്ട്രേറ്റ് ഓഫിസിനെതിരെ പ്രതിഷേധിക്കേണ്ടിവന്നു. മനഃസാക്ഷിയെ മരവിപ്പിക്കുന്നവിധം കൂട്ടബലാത്സംഗവും കൊലപാതകവും രാജ്യതലസ്ഥാനത്ത് ഒരു പ്രതിരോധസേന ഉദ്യോഗസ്ഥക്കുനേരെ നടന്നിട്ടും മുഖ്യധാര മാധ്യമങ്ങളും അഭിനവ സാംസ്കാരിക വക്താക്കളും കണ്ടില്ലെന്നുനടിച്ച് രാജ്യത്തിന് പുറത്തുള്ള വിഷയങ്ങൾ തേടിനടക്കുന്നത് അവർക്കുള്ളിലെ ഫാഷിസ്റ്റ് ചിന്താഗതിയും തികഞ്ഞ വിവേചനവുമാണെന്നും യോഗം വിലയിരുത്തി. ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ നസ്റുൽ ഇസ്ലാം ചൗധരി, മിറാജ് അഹ്മദ് ഹൈദരാബാദ്, നമീർ ചെറുവാടി (ദമ്മാം), ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), ബഷീർ കാരന്തൂർ, ഹാരിസ് മംഗളൂരു (റിയാദ്), മുഹമ്മദ് കോയ ചേലേമ്പ്ര, അബൂ ഹനീഫ മണ്ണാർക്കാട് (അബഹ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.