റിയാദ്: റിയാദിലെ പ്രമുഖ ആതുരാലയമായ സഫ മക്ക പോളിക്ലിനിക് 91ാം ദേശീയദിനം വിപുലമായി ആഘോഷിച്ചു. അഡ്മിൻ മാനേജർ ഫഹദ് അൽ ഉനൈസിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലിനിക്ക് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ റബീഅയുടെ ദേശീയദിന സന്ദേശം പബ്ലിക് റിലേഷൻ ഹെഡ് ഡോ. മറം ഷഹ്റാനി വായിച്ചു. ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിെൻറ തലവാചകം 'ഇത് നമ്മുടെ വീടാണ്' എന്നാണെന്നും രാജ്യം ആരെയും അന്യരാക്കുന്നില്ല എന്ന ഉറച്ച ശബ്ദമാണ് ആ ആപ്തവാക്യം പങ്കുവെക്കുന്നതെന്നും സന്ദേശത്തിൽ പറഞ്ഞു.
എല്ലാ രംഗത്തും രാജ്യം ചരിത്രത്തിലേക്ക് നടന്നടുക്കുകയാണ്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 'വിഷൻ 2030' പരിവർത്തന പദ്ധതി അഞ്ചര വർഷം പിന്നിട്ട് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ നാടാകെ അഭിവൃദ്ധിയുടെയും സമൃദ്ധിയുടെയും സൂചനകൾ നൽകുന്നുണ്ട്. കരുതലും കരുത്തും കരുണയുമുള്ള ഈ ഭരണാധികാരികൾക്ക് കീഴിൽ വിദേശി, സ്വദേശികൾ എന്നില്ലാതെ നാം ഓരോരുത്തരും പൂർണ സുരക്ഷിതരാണെന്നും സന്ദേശത്തിൽ ഡോ. റബീഅ പറഞ്ഞു. ക്ലിനിക്ക് ഹാളിൽ ആഘോഷ ഭാഗമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. കേക്ക് മുറിച്ചും ഗഹ്വ നുകർന്നും ജീവനക്കാരും സന്ദർശകരും ആഘോഷത്തിൽ പങ്കാളികളായി. പരിശോധനകൾക്കും ചികിത്സക്കും മികച്ച ഓഫറുകളും പ്രഖ്യാപിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. തമ്പാൻ, ഡോ. തോമസ്, ഡോ. അനിൽ, ഡോ. ആമിറ അൽ സഹ്റാനി, ഡോ. മൂർത്തി, ഡോ. ഹൈദർ, ഡോ. ഗുലാം, ഡോ. മിനി, ഡോ. റഹ്മ, റവാൻ അൽ ദോസരി, ഹില അൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.