ജിദ്ദ: കൂടുതൽ സുരക്ഷിതവും ഫലപ്രദവുമെന്ന് തെളിഞ്ഞ കോവിഡ് വാക്സിനാണ് സൗദിയിൽ വിതരണത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായ വാക്സിനുകളുടെ കാര്യത്തിൽ ലോകത്ത് ധാരാളം നല്ല വാർത്തകളും പ്രസാദാത്മകമായ ഫലങ്ങളുമുണ്ടെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽആലി പറഞ്ഞു.
ധാരാളം വാക്സിനുകൾ ഇതിനികം ജന്മമെടുത്തുകഴിഞ്ഞു. എന്നാൽ, അതിൽ ചിലത് മാത്രമേ സ്വീകാര്യമായ ഫലങ്ങൾ പ്രദാനം ചെയ്യുന്നുള്ളൂ. ഇത്തരത്തിലൊന്നാണ് സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ പൂർണ വിശ്വാസമുണ്ട്.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും വിശ്വാസം ആർജിച്ചതുമായ ഒൗഷധനിർമാണ സ്ഥാപനമാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വഴി സൗദിയിലെ വിതരണത്തിന് രജിസ്ട്രേഷൻ നേടിയിരിക്കുന്നത്. ആ സ്ഥാപനത്തിന് പ്രാദേശിക, അന്തർദേശീയതലങ്ങളിൽ വിശ്വാസവും ഉന്നത പ്രഫഷനലിസവുമുണ്ട്.
മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്ന ഒരു സുരക്ഷാ കവചമാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. രജിസ്ട്രേഷന് മുമ്പ് വാക്സിെൻറ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് വിശദവും സൂക്ഷ്മവുമായ പഠനം അതോറിറ്റി നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. താമസിയാതെ പകർച്ചവ്യാധിയെ മറികടക്കാനും ആ ഭീഷണിയെ വിസ്മൃതിയിലേക്ക് ചുരുട്ടിക്കളയാനും കഴിയും എന്നുറപ്പാണ്. വസൂരി, അഞ്ചാംപനി, പോളിയോ എന്നിവയെ വാക്സിനിലൂടെ ഫലപ്രദമായി നേരിട്ട ചരിത്രം ലോകത്തിനുണ്ട്. അവ ഗണ്യമായി കുറയുകയും പല രാജ്യങ്ങളിലും നിന്നും ഇല്ലാതാകുകയും ചെയ്തു.
ചിലർക്ക് രോഗങ്ങളുടെ പേരുപോലും ഒാർക്കാനാവുന്നില്ല. കാരണം അത് പൂർണമായും അപ്രത്യക്ഷമാകുകയും ഇല്ലാതാകുകയും ചെയ്തിരിക്കുന്നു.കോവിഡ് എന്ന മഹാമാരിയെ അഭിമുഖീകരിക്കുന്ന വേളയിൽ വാക്സിെൻറ പ്രധാന്യം എല്ലാവർക്കും മനസ്സിലാകുമെന്നും ലോകം കോവിഡിനെ വിജയകരമായി മറികടക്കുകയും എല്ലാവർക്കും ആരോഗ്യം വീണ്ടെടുക്കാനാവുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ചില ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് അറിയാം. അതെല്ലാം ദുരീകരിക്കുന്നതിനുള്ള ശ്രമം ഞങ്ങൾ സാധ്യമായ മാർഗങ്ങളിലൂടെ നടത്തുകയാണെന്നും ഡോ. മുഹമ്മദ് അബ്ദു അൽആലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.