ജിദ്ദ: സൗദിയിൽ വിതരണം ചെയ്യുന്ന ഓക്സ്ഫഡ് ആസ്ട്രാ സെനക വാക്സിൻ സുരക്ഷിതമാണെന്നും മറ്റു പാർശ്വഫലങ്ങളില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു.രക്തം കട്ടപിടിക്കൽ തുടങ്ങിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ വാക്സിൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ സൗദിയിൽ വിതരണം ചെയ്യുന്ന ആസ്ട്രാ സെനക വാക്സിനെക്കുറിച്ച ആശങ്കകൾ അസ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു.
നിരോധനം വരുത്തിയ രാജ്യങ്ങളിൽ ചിലത് വാക്സിൻ സുരക്ഷിതമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്.നിലവിൽ സൗദിയിൽ വിതരണം ചെയ്യുന്ന വാക്സിനുകൾക്കൊന്നും കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നും എന്നാൽ ശാരീരിക അവസ്ഥകൾക്കനുസരിച്ചു സാധരണ മറ്റു വാക്സിനുകൾക്കുണ്ടാവുന്ന നേരിയ പാർശ്വഫലങ്ങൾ ചിലരിൽ ഉണ്ടാവാമെന്നും മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
സൗദി അറേബ്യയിൽ ഇതുവരെ സ്വദേശികൾക്കും വിദേശികൾക്കുമായി 500 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.കോവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതുമുതൽ സൗദി ആരോഗ്യ ക്ലിനിക് സ്ഥാപിച്ച പരിശോധന ഹബുകളും ചികിത്സാ കേന്ദ്രങ്ങളും രാജ്യത്തിനകത്തുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകമായിട്ടുണ്ട്. രോഗലക്ഷണങ്ങളോ നേരിയ ലക്ഷണങ്ങളോ കാണിക്കാത്തവർ അല്ലെങ്കിൽ തങ്ങൾ രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് 'തക്കാദ്' കേന്ദ്രങ്ങൾ വഴി കോവിഡ് പരിശോധന നടത്തുന്നു.
അതേസമയം പനി, രുചി നഷ്ടം, മണം, ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവ പോലുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് 'തത്മൻ' ക്ലിനിക്കുകൾ മുഖേനയും ചികിത്സയും ഉപദേശവും നൽകുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ 'സിഹത്തി' ആപ് വഴി ഈ രണ്ട് കേന്ദ്രങ്ങളിലേക്കും പരിശോധനക്ക് ബുക്കിങ് എടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.