റിയാദ്: മലബാറിലെ പ്രവാസികളുടെയും ഉംറ തീർഥാടകരുടെയും യാത്രാസൗകര്യം പരിഗണിച്ച് സൗദി എയർലൈൻസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് പുനരാരംഭിക്കാൻ ഉടൻ അനുമതി നൽകണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം യോഗം. നിലവിൽ റിയാദ് ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നു കോഴിക്കോട്ടേക്ക് ചെറിയ വിമാനങ്ങൾ മാത്രം സർവിസ് നടത്തുന്നതിനാൽ അടിയന്തര ചികിത്സ വേണ്ട രോഗികൾക്കും അപകടം സംഭവിച്ചവർക്കും അതുപോലെ മരിച്ച പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകാനും പ്രയാസം അനുഭവിക്കുന്നുണ്ട്.
നേരത്തേ റിയാദ്-ജിദ്ദ-ദമ്മാം എന്നിവിടങ്ങളിൽനിന്നും സൗദി എയർലൈൻസ് കോഴിക്കോട് സർവിസ് ഉണ്ടായിരുന്നത് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഉംറ തീർഥാടകർക്കും വലിയ ആശ്വാസം നൽകിയിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജനപ്രതിനിധികളും സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിൽ കോട്ടക്കൽ മണ്ഡലം ടീമിനെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
റിയാദ് മലസിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് മൊയ്തീൻകുട്ടി പൂവാട് അധ്യക്ഷത വഹിച്ചു. ബഷീർ മുല്ലപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുറമണ്ണൂർ, ഫൈസൽ കൊന്നക്കാട്ടിൽ, ഇസ്മാഈൽ പൊന്മള, മുഹമ്മദ് ദിലൈബ്, സിറാജുദ്ദീൻ അടാട്ടിൽ, മുഹമ്മദ് ഫാറൂഖ്, അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ്, മുഹമ്മദ് കല്ലിങ്ങൽ, ഹാഷിം വളാഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് ഫർഹാൻ കാടാമ്പുഴ സ്വാഗതവും അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.