റിയാദ്: രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികൾക്ക് സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി. സെപ്റ്റംബർ 16 മുതൽ ഒരു മാസത്തേക്കാണ് വീണ്ടും അവസരം. എംബസി വെൽഫെയർ കോൺസുലർ അനിൽ നൊട്ട്യാലാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച അംബാസഡർ അഹമ്മദ് ജാവേദ് സൗദി തൊഴിൽകാര്യ സഹമന്ത്രി അദ്നാൻ അബ്ദുല്ല അൽനുെഎമിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തുള്ള ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു. നീട്ടിയ അവസരം പ്രയോജനപ്പെടുത്താൻ വേണ്ട ഒരുക്കങ്ങൾ എംബസി പൂർത്തിയാക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ പൊതുമാപ്പ് നീട്ടിയതുമായി ബന്ധപ്പെട്ട് സൗദി അധികൃതരിൽ നിന്ന് ഒൗദ്യോഗിക അറിയിപ്പുകളൊന്നും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇൗ വർഷം മാർച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
ജൂൺ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച നാലുമാസത്തെ പൊതുമാപ്പ് കാലയളവിൽ ആറുലക്ഷത്തോളം ആളുകൾ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചിരുന്നു. അതിൽ ഏതാണ്ട് അരലക്ഷം ഇന്ത്യാക്കാരും അവസരം പ്രയോജനപ്പെടുത്തി. ഇതിനിടെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് വാദി ദവാസിർ സന്ദർശിച്ചു. എംബസിയുടെ ക്ഷേമപ്രവർത്തനങ്ങളും കോൺസുലർ സേവനങ്ങളും യഥാസമയം ഇന്ത്യൻ തൊഴിലാളികളിൽ എത്തുന്നുണ്ടോ എന്ന് നേരിട്ട് നിരീക്ഷിച്ചറിയുന്നതിനു വേണ്ടിയായിരുന്നു സന്ദർശനം.
വാദി ദവാസിറിലെ എംബസി ഒൗട്ട്സോഴ്സിങ് ഏജൻസിയുടെ ഒാഫീസ് പ്രവർത്തനങ്ങളും അംബാസഡർ പരിശോധിച്ചു. മേഖലയിൽ ആദ്യമായാണ് ഇന്ത്യൻ അംബാസഡർ സന്ദർശനം നടത്തുന്നത്. എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാലും അംബാസഡറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.