റിയാദ്: പൊതുമാപ്പ് കാലാവധിയിലും അതിന് ശേഷവുമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ നിയമലംഘകരായ 1,800 വിദേശ തൊഴിലാളികൾ അൽബാഹയിൽ പിടിയിലായി. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരും അതിർത്തി നുഴഞ്ഞുകയറ്റക്കാരുമായ അനധികൃതരാണ് പൊലീസ് കസ്റ്റഡിയിലായതെന്ന് അൽബാഹ റീജനൽ പൊലീസ് വക്താവ് കേണൽ സാദ് ത്രാദ് അറിയിച്ചു. താമസ, തൊഴിൽ നിയമലംഘകരായ 597 പേരും പൗരത്വം തെളിയിക്കാനാവാത്ത 125 പേരും ഇഖാമയുടെ കാലാവധി കഴിഞ്ഞ 667 പേരും സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി ‘ഹുറൂബ്’ കേസിൽ പെട്ട 66 പേരും സ്പോൺസർ മാറി ജോലി ചെയ്ത ആറുപേരും സ്വന്തം സംരംഭങ്ങൾ നടത്തിവന്ന 45 പേരും സ്പോൺസറുടെ കീഴിൽ ജോലിക്ക് ഹാജരാകാതെ മാറിനിന്ന 37 പേരും മറ്റ് നിയമലംഘനങ്ങൾ നടത്തിയ 31 പേരുമാണ് പിടിയിലായത്. പൊതുമാപ്പിന് ശേഷവും നിയമലംഘകരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും പിടിക്കപ്പെടുന്നവർ കടുത്ത ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും കേണൽ സാദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.