ജിദ്ദ: യുവാക്കളുടെ ഡിജിറ്റൽ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ നാല് ബില്യൺ റിയാലിന്‍റെ സാങ്കേതിക സംരംഭങ്ങൾ പ്രഖ്യാപിച്ചു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻറ് ഡ്രോൺസ്, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ ആതിഥേയത്വത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് തലസ്ഥാന നഗരിയായ റിയാദിൽ 'ലോഞ്ച്' എന്ന പരിപാടിയുടെ പ്രഖ്യാപനം നടന്നത്.
മിഡിൽ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സാങ്കേതിക പരിപാടിയായാണ് ഇതിനെ കണക്കാക്കുന്നത്. പ്രോഗ്രാമിങ്, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, ഗെയിംസ് വ്യവസായം എന്നിവയിൽ താൽപര്യമുള്ളവരും വിദഗ്ധരുമായ നിരവധി സംരംഭകരും സാങ്കേതിക രംഗത്തെ ലോകത്തെ പത്തോളം വൻകിട കമ്പനികളും പ്രഖ്യാപന വേളയിൽ സാക്ഷികളായി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് സാങ്കേതിക കമ്പനികളുടെ സഹകരണത്തോടെ ഏകദേശം നാല് ബില്യൺ റിയാലിന്‍റെ സംരംഭങ്ങളുടെയും സാങ്കേതിക പരിപാടികളുടെയും പാക്കേജാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. ഡിജിറ്റൽ കഴിവുകൾ മെച്ചപ്പെടുത്തുക, 2030 ഓടെ ഓരോ 100 സൗദികൾക്കും ഒരു പ്രോഗ്രാമർ എന്ന ലക്ഷ്യം കൈവരിക്കുക, പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് സ്വദേശികളായ യുവതി യുവാക്കളെ പ്രോത്സാഹിപ്പിക്കുക, ലോകാടിസ്ഥാനത്തിൽ ഉന്നത സ്ഥാനത്തെത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതു കൂടിയാണിത്. ലോകത്തെ പ്രമുഖ കമ്പനികളായ ഗൂഗിൾ, ആമസോൺ, ഐ.ബി.എം, സിസ്കോ, ഒറാക്കിൾ, മൈക്രോസോഫ്റ്റ്, ട്രെൻഡ് മൈക്രോ, അവെൻസ് സെക്യൂരിറ്റി എന്നിവ പരിശീലന പരിപാടികൾ ആരംഭിക്കുന്നതിൽ സൗദി അറേബ്യയുമായി സഹകരിക്കുമെന്ന് പരിപാടിയിൽ പ്രഖ്യാപിച്ചു.
ലോഞ്ച് ഇവൻറിന്‍റെ സംഘാടകർ 'ഹിമ്മ, ഖിമ്മ, തുവൈഖ്' എന്നീ മൂന്ന് പ്രധാന സംരംഭങ്ങളും പരിപാടിയിൽ പ്രഖ്യാപിച്ചു. സൗദി കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ, റോയൽ കോർട്ട് ഉപദേശകനും ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാനുമായ തുർക്കി ആലു ശൈഖ്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ശറഫ് അൽഗാമിദി, സൈബർ സുരക്ഷ, പ്രോഗ്രാമിങ്, ഡ്രോൺസ് എന്നിവക്കായുള്ള സൗദി ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഫൈസൽ അൽ ഖമീസി, ദേശീയ ടെലികോമിലെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.