ജിദ്ദ: സൗദി അറേബ്യയുടെ 93-ാം ദേശീയദിനം ഇന്ന്. രാജ്യമെങ്ങും വിപുലമായ ആഘോഷമാണ് കൊണ്ടാടുന്നത്. സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും കൈകോർത്ത് വർണശബളമായ പരിപാടികൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചു. പോയ വർഷങ്ങളിൽ രാജ്യം കൈവരിച്ച അസൂയാവഹമായ വളർച്ചയും പുരോഗതിയും നേട്ടങ്ങളും വികസനവുമെല്ലാം പൗരന്മാരും വിദേശികളും സ്മരിക്കുന്ന വേളയാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും റൗണ്ട് എബൗട്ടുകളും പാലങ്ങളും നഗര പ്രവേശന കവാടങ്ങളും സർക്കാർ കെട്ടിടങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം വർണ ദീപങ്ങളാൽ അലങ്കരിച്ചും പരസ്യബോർഡുകളിലും ഇലക്ട്രോണിക് സ്ക്രീനുകളിലും ദേശീയപതാകകളും ദേശീയദിനാഘോഷ ലോഗോയും പോസ്റ്റുചെയ്തും വൈവിധ്യമാർന്ന കലാസംസ്കാരിക കായിക വൈജ്ഞാനിക വിനോദ പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിച്ചും നാടും നഗരവും ഒന്നാകെ ദേശീയ ദിനാഘോഷത്തിന്റെ ഉണർവിലും നിറവിലുമാണ്.
1932ൽ അബ്ദുൽ അസീസ് രാജാവിന്റെ കൈകളാൽ രാജ്യം ഏകീകരിക്കപ്പെട്ടതിന്റെ വാർഷികമാണ് സെപ്റ്റംബർ 23ന് ദേശീയ ദിനമായി കൊണ്ടാടുന്നത്. രാജ്യത്തെ പൂർവികരുടെ ത്യാഗത്തെ സ്മരിക്കുകയും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള യോജിപ്പിന്റെയും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ആഴം ഉൾക്കൊള്ളുകയും ചെയ്യുന്ന ദിനം കൂടിയാണിത്. സമ്പന്നമായ ഭൂതകാലത്തെ സ്മരിച്ചും അതിൽനിന്ന് ഊർജം സംഭരിച്ചും സമൃദ്ധമായ ഭാവിയിലേക്ക് കൂടുതൽ കരുത്തോടെ കുതിക്കാനുള്ള തയാറെടുപ്പിേൻറത് കൂടിയാണ് ദേശീയ ദിനം.
അറേബ്യൻ ഉപഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങൾ 1927ൽ തന്നെ തന്റെ അധീനതയിലായെങ്കിലും നജദ്, ഹിജാസ് എന്നീ രണ്ട് ഉപരാജ്യങ്ങളാക്കിയാണ് അബ്ദുൽ അസീസ് രാജാവ് ഭരണനിർവഹണം തുടർന്നത്. 1932 സെപ്റ്റംബർ 23നാണ് നജദും ഹിജാസും ഏകോപിപ്പിച്ച് സൗദി അറേബ്യ എന്ന പേരിൽ ഒറ്റ രാജ്യമായി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഓർമദിനമായി സെപ്റ്റംബർ 23നെ ആദ്യം മുതലേ കണ്ടിരുന്നെങ്കിലും 2005ൽ ഫഹദ് രാജാവാണ് സൗദി ദേശീയ ദിനാചരണം പ്രഖ്യാപിക്കുന്നത്. തുടർന്ന് ഈ ദിനത്തിൽ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചു. പിന്നീട് ഒരോ വർഷവും വൻ പ്രാധാന്യത്തോടെയും വിപുലമായ പരിപാടികളോടെയുമാണ് ദേശീയദിനം ആഘോഷിച്ചുവരുന്നത്.
93ാം ദേശീയ ദിനം ആഘോഷിക്കുേമ്പാൾ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സൗദി അറേബ്യ എല്ലാ മേഖലകളിലും പ്രകടമായ പുരോഗതിക്ക് സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുകയാണ്. വ്യക്തമായ തീരുമാനങ്ങളുടെയും കൃത്യമായ നിർദേശങ്ങളുടെയും ഫലമായി വളർച്ച, സമൃദ്ധി, വികസനം, പുരോഗതി എന്നിവ സാധ്യമാക്കി സൗദി ഇന്ന് ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന് അവഗണിക്കാനാവാത്ത വലിയ ശക്തിയായി സൗദി മാറിക്കഴിഞ്ഞു. നേരായ സമീപനം, ജ്ഞാനപൂർവകമായ നയം, മാനുഷികവും ജീവകാരുണ്യവുമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ലോകജനതകൾക്കിടയിലും രാഷ്ട്ര നേതാക്കൾക്കിടയിലും ഉന്നതമായ സ്ഥാനവും സൗദി അറേബ്യക്ക് ഇതിനകം നേടിയെടുക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.