ബുറൈദ: സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിൽ സ്‌കൂളിൽ പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ തൊഴിൽ, താമസരേഖകൾ ഇല്ലാതെ കഴിയുന്ന രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ സ്‌കൂളുകൾ കുട്ടികളുടെ പ്രവേശനത്തിനുള്ള അപേക്ഷാഫോമുകൾ നൽകണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർ താമസിക്കുന്ന പ്രദേശങ്ങളിലെ ഗവർണർ ഓഫീസുകളുമായി ബന്ധപ്പെടാൻ നിർദേശിക്കണമെന്നും മന്ത്രാലയം അറിയിപ്പ് നൽകി. ഗവർണറേറ്റ് അംഗീകരിച്ചതിന് ശേഷം കൃത്യമായി പൂരിപ്പിച്ച പ്രവേശന ഫോമുകൾ എൻറോൾമെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട സ്കൂൾ അധികാരികൾക്ക് സമർപ്പിക്കണം.
ഓരോ വിദ്യാഭ്യാസ ജില്ലയിലും പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ട് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇവാലുവേഷൻ ആൻഡ് അഡ്‌മിഷന് നൽകാൻ മന്ത്രാലയം രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾക്ക് നിർദേശം നൽകി.
രേഖകൾ ശരിപ്പെടുത്താൻ കഴിയാതെ രാജ്യത്ത് താമസിക്കുന്നവർ അപേക്ഷാഫോമിനൊപ്പം തങ്ങളുടെ പാസ്‌പോർട്ട്, പുതുക്കാൻ സാധിക്കാത്ത താമസരേഖ (ഇഖാമ) എന്നിവ പ്രകാരമുള്ള വിദ്യാർഥിയുടെയും മാതാപിതാക്കളുടെയും വിവരങ്ങൾ നൽകണം. സ്ഥിരതാമസ വിലാസവും ഫോൺ നമ്പരും നൽകേണ്ടിവരും. അധ്യയനവർഷത്തിൽ തന്നെ രേഖകൾ ശരിയാക്കുമെന്ന രക്ഷിതാവിന്റെ ഉറപ്പിലായിരിക്കും പ്രവേശനം ലഭിക്കുക എന്നും മന്ത്രാലയ അറിയിപ്പിൽ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.