ജിദ്ദ: അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ച്നർക്കെതിരായ വധശ്രമത്തെ സൗദി എംബസി ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കുമെതിരെ ഭീഷണി നേരിടുന്ന ഘട്ടത്തിൽ അർജന്റീനക്കും ജനങ്ങൾക്കുമൊപ്പം നിലകൊള്ളുന്നുവെന്ന് എംബസി അറിയിച്ചു.
അക്രമം, തീവ്രവാദം, ഭീകരത എന്നിവയെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടെന്നും പ്രസ്താവനയിൽ എംബസി ചൂണ്ടിക്കാട്ടി. അർജന്റീനിയൻ റിപ്പബ്ലിക്കിനും ജനതക്കും സൗദി അറേബ്യ സുരക്ഷിതത്വവും സ്ഥിരതയും സമൃദ്ധിയും ആശംസിച്ചു.
വ്യാഴാഴ്ചയാണ് അർജന്റീനൻ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ച്നർക്കുനേരെ വധശ്രമമുണ്ടായത്. തലക്കുനേരെ വെടി ഉതിർക്കാനുള്ള ശ്രമത്തിനിടെ ഒരിഞ്ച് വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. ബ്യൂണസ് ഐറിസിലുള്ള തന്റെ വീടിനുപുറത്ത് നൂറുകണക്കിന് അനുയായികൾ തടിച്ചുകൂടിയ പ്രദേശത്ത് കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് സംഭവം. ഫെർണാണ്ടോ സബാഗ് മോണ്ടിയേല എന്നാണ് അക്രമിയുടെ പേരെന്ന് അർജന്റീനിയൻ അധികൃതർ തിരിച്ചറിഞ്ഞു.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ആയുധ പെർമിറ്റ് ഉണ്ടായിരുന്നെന്നും എന്നാൽ, വലിയൊരു കത്തിയുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് 2021ൽ അറസ്റ്റിലായതാണെന്നും ശരീരത്തിൽ നാസി ചിഹ്നങ്ങളുള്ള ടാറ്റു ഉണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് രാഷ്ട്രീയവും സാമൂഹികവുമായ സംഘർഷങ്ങൾ രൂക്ഷമായ സമയത്താണ് വൈസ് പ്രസിഡന്റിനുനേരെ ആക്രമണശ്രമം എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.