സൗദിയിൽ നിയമലംഘകർക്കായി ശക്തമായ തെരച്ചിൽ തുടരുന്നു

യാംബു: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കായി സൗദി അറേബ്യയിൽ പരിശോധന കർശനമായി തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമലംഘകരായ 18,428 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ ഏഴ്​ മുതൽ 13 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ റെയ്​ഡി​ലാണ്​ ഇത്രയും പേരെ അറസ്​റ്റ്​ ചെയ്​തത്​. താമസനിയമം ലംഘിച്ച 11,664 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,301 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,463 പേർ എന്നിങ്ങനെയാണ് അറസ്​റ്റ്​.

രാജ്യത്തേക്ക്​ അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,000 പേർ അറസ്​റ്റിലായി. ഇവരിൽ 36 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും രണ്ട്​ ശതമാനം മറ്റു രാജ്യക്കാരുമാണ്. 61 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 11 പേരും അറസ്​റ്റിലായിട്ടുണ്ട്.

ആകെ 51,600ത്തോളം നിയമലംഘകർ നിലവിൽ നടപടികൾക്ക് വിധേയരായിട്ടുണ്ട്. ഇവരിൽ 45,606 പുരുഷന്മാരും 5,994 സ്ത്രീകളുമാണ്. പിടികൂടിയവരിൽ 46,507 നിയമലംഘകരുടെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 2,044 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 10,249 നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു.

Tags:    
News Summary - Saudi Arabia cracks down on residence and employment violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.