യു.എ.ഇ പ്രസിഡന്‍റിന്‍റെ നിര്യാണത്തിൽ സൗദി അനുശോചിച്ചു

ജിദ്ദ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ദുഖവും അനുശോചനവും രേഖപ്പെടുത്തി.

മരണവാർത്ത അറിഞ്ഞതിൽ ഏറെ ദുഖിക്കുന്നു. കാരുണ്യത്തിനും നിത്യശാന്തിക്കുമായി പ്രാർഥിക്കുന്നു. തന്‍റെ ജനതക്കും രാജ്യത്തിനും ഒരുപാട് സംഭാവനകൾ നൽകിയ നേതാവാണ്. ആ നേതാവിന്‍റെ വിയോഗത്തിൽ യു.എ.ഇ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും തങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സൗദി റോയൽ കോർട്ട് പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സൗദി അറേബ്യയും ജനതയും സഹോദര രാജ്യമായ യു.എ.ഇയുമായി തങ്ങളുടെ ദുഖം പങ്കുവെക്കുന്നുവെന്ന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു. ഈ ദുഃഖസമയത്ത് എല്ലാവർക്കും ക്ഷമക്കും ആശ്വാസത്തിനുമായി പ്രാർഥിക്കുന്നു. സുരക്ഷ, സ്ഥിരത, ക്ഷേമം, പുരോഗതി എന്നിവ യു.എ.ഇയിൽ എന്നും നിലനിൽക്കട്ടെയെന്നും സൽമാൻ രാജാവും കിരീടാവകാശിയും കൂട്ടിച്ചേർത്തു.

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. യു.എ.ഇ സർക്കാറിനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ ആത്മാർഥമായ അനുശോചനമറിയിക്കുന്നു. പരേതന് ദൈവകൃപയും തൃപ്തിയുമുണ്ടാകാൻ പ്രാർഥിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.

Tags:    
News Summary - Saudi Arabia extends condolences on death of UAE President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.