യാംബു: സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉൽപാദനം 10 ലക്ഷം ബാരൽ വെട്ടിക്കുറക്കുന്നത് സെപ്റ്റംബർ മാസവും തുടരുമെന്ന് ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ഊർജ വില വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജൂലൈ മുതൽ ആരംഭിച്ച പ്രതിദിനം 10 ലക്ഷം ബാരൽ വെട്ടിക്കുറക്കൽ തീരുമാനമാണ് ദീർഘിപ്പിക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തിന്റെ എണ്ണ ഉൽപാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ (ബി.പി.ഡി) ആയിരിക്കും.
ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച വെട്ടിക്കുറക്കൽ തീരുമാനത്തിന് പുറമേയാണ് ഈ കുറക്കലെന്നും ഇത് അടുത്ത വർഷംഡിസംബർ അവസാനം വരെ നീളുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് രാജ്യങ്ങളും (ഒപെക്) സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണവില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ നേരത്തേ പറഞ്ഞിരുന്നു.
സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ ഒ.ഇ.സി.ഡിയിൽ അംഗങ്ങളല്ലാത്ത ഇതര രാജ്യങ്ങളുടെ വിഹിതമായിരിക്കും ഈ വർഷത്തെ വളർച്ചയുടെ ഏറ്റവും വലിയ ശതമാനമായി കണക്കാക്കുക.ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് സൗദിയുടെ സ്വമേധയാ എണ്ണ വെട്ടിക്കുറക്കൽ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.