റിയാദ്: സൗദി അറേബ്യയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ 80-ലധികം വനിതാ ടാക്സി ഡ്രൈവർമാരെ ഉടൻ നിയമിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന അന്തർദേശീയ വിമനത്താവളങ്ങളിലാണ് വനിത ടാക്സി ഡ്രൈവർമാരെ നിയമിക്കുന്നത്. സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ-2030’-ന്റെ ലക്ഷ്യങ്ങളിൽപെട്ട വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് നടപടി. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി, മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് ഞായറാഴ്ച ആരംഭിച്ച സംരംഭത്തിലെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണിത്.
‘വുമൺസ് ട്രാക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഘട്ടത്തിൽ, നാല് വിമാനത്താവളങ്ങളിൽ വനിത ഡ്രൈവർമാരെ നിയമിക്കുന്നതിന് എയർപോർട്ട് ടാക്സികൾ പ്രവർത്തിപ്പിക്കാൻ ലൈസൻസുള്ള പ്രമുഖ കമ്പനികളുമായി മൂന്ന് കരാറുകളിൽ ഒപ്പുവെക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളിലും വനിതാ ടാക്സി ഡ്രൈവർമാരെ നിയമിക്കും. ഉപഭോക്തൃ സേവനം, പ്രഥമശുശ്രൂഷ, ഇംഗ്ലീഷ് ഭാഷ എന്നിവയിൽ പരിശീലനം നൽകും. അതിനായി ഡ്രൈവിങ് സ്‌കൂളുകളിൽ വൈദഗ്ധ്യം നേടുന്നതിനുള്ള സമഗ്ര പരിശീലന പരിപാടി നടപ്പാക്കും.
ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരെ സ്വീകരിക്കുന്നതിനും ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങളെന്ന് ഗതാഗത അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ആഭ്യന്തര ഉത്പാദനം (ജിഡിപി) വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ പങ്ക് പ്രയോജനപ്പെടുത്തും. ഗതാഗത, ചരക്ക് നീക്ക മേഖലയിലെ ജോലികൾ സ്വദേശിവത്ക്കരിക്കുക എന്നത് ലക്ഷ്യമാണ്. അതിൽ സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന സംരംഭങ്ങളുമുണ്ടാകും. അതിലൊന്നാണ് വനിത ഡ്രൈവർമാരുടെ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.