യാംബു: ടൂറിസം രംഗത്ത് ഇന്ത്യയുമായി കൈകോർത്ത് മുന്നേറാൻ സൗദി അറേബ്യ. ഇന്ത്യയുടെ ‘ജി 20 പ്രസിഡൻസി’ക്ക് കീഴിൽ ഗോവയിൽ നടന്ന നാലാമത് ടൂറിസം വർക്കിങ് ഗ്രൂപ് യോഗത്തിൽ സൗദി ടൂറിസം മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖതീബ് പങ്കെടുത്തു.
ഇന്ത്യൻ ടൂറിസം മന്ത്രാലയം ആതിഥേയത്വം വഹിച്ച യോഗത്തിൽ വിനോദസഞ്ചാര വ്യവസായങ്ങളെ സുസ്ഥിരമായി വളർത്തുന്നതിനുള്ള ഇന്ത്യയുടെ ‘ഗോവ ടൂറിസം പദ്ധതി’യെ സൗദി പിന്തുണക്കുന്നതായി മന്ത്രി പറഞ്ഞു.
ഈ രംഗത്ത് ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സഹകരണം ശക്തമാക്കുമെന്നും സൗദിയുടെ ടൂറിസം തന്ത്രവുമായി ഗോവ ടൂറിസം പദ്ധതി പൊരുത്തപ്പെടുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2023 ന്റെ ആദ്യ പാദത്തിൽ 78 ലക്ഷം ആളുകൾ സൗദി അറേബ്യ സന്ദർശിച്ചു. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 64 ശതമാനം വർധനവോടെ സൗദി അറേബ്യ വിനോദസഞ്ചാരത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും മുൻനിരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20 ൽ സൗദി അടക്കമുള്ള 20ഓളം രാജ്യങ്ങൾ അംഗങ്ങളാണ്.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഗോവയിലെ സമ്മേളനം നടന്നത്. വിവിധ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരടക്കം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത നാലാമത് ജി20 ടൂറിസം വർക്കിങ് ഗ്രൂപ് യോഗത്തിൽ മന്ത്രിമാർ അവരുടെ രാജ്യത്ത് ടൂറിസം മേഖലയിൽ കൈവരിച്ച പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. ടൂറിസം മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ച് പ്രധാന മുൻഗണന നിർദേശങ്ങളും പരിപാടിയിൽ അവലോകനം ചെയ്തു. സെപ്റ്റംബർ 28 ന് സൗദി ആതിഥേയത്വം വഹിക്കുന്ന ലോക ടൂറിസം ദിനാചരണ സമ്മേളനത്തിലേക്ക് മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖതീബ് എല്ലാ രാജ്യങ്ങളിലെയും ടൂറിസം മന്ത്രിമാരെയും പ്രമുഖരെയും ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.