റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ നേതൃപദവിയിലുള്ള സുപ്രധാന തസ്‌തികകളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിർദേശം ശുറാ കൗൺസിൽ ഈ ആഴ്‌ച ചർച്ചക്കെടുക്കും. തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്‌ത് വോട്ടിനിടും. ശൂറയുടെ അംഗീകാരം ലഭിച്ചാൽ സൗദി തൊഴിൽ നിയമത്തിലെ 26ാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക.
ശൂറയിലെ ഡോ. ഗാസി ബിൻ സഖർ, അബ്ദുല്ല അൽഖാലിദി, ഡോ. ഫൈസൽ ആൽഫാദിൽ എന്നീ അംഗങ്ങളാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുക. സ്വദേശിവത്ക്കരണം കാര്യക്ഷമമാക്കുന്നതിനും തൊഴിൽ വിപണിയുടെ താൽപര്യത്തിനും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്‌തികകളിൽ മതിയായ തോതിൽ സ്വദേശികളെ നിയമിക്കേണ്ടതുണ്ട്. അതെസമയം രാഷ്ട്രത്തിനും തൊഴിൽവിപണിക്കും അനിവാര്യമായ വിദേശ ജോലിക്കാരെ നിലനിർത്തേണ്ടതുണ്ടെന്നതിനാലാണ് സ്വദേശിവത്ക്കരണം 75 ശതമാനത്തിൽ പരിമിതപ്പെടുത്തുന്നത്.
പുതിയ നിയമം വിദേശ നിക്ഷേപത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഡോ. ഗാസി ബിൻ സഖർ വിശദീകരിച്ചു. വിദേശ നിക്ഷേപകർക്ക് സൗദി ജനറൽ ഇൻവെസ്റ്റുമെൻറ് അതോറിറ്റി (സാഗിയ) അനുവദിക്കുന്ന ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ സംവിധാനവും പുതിയ നിയമത്തിെൻറ പശ്ചാതലത്തിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ തുടർന്നെത്തും സൗദി വിപണിയും ഇത്തരം നയങ്ങളെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഡോ. ബിൻ സഖർ പറഞ്ഞു. നേതൃപദവിയിൽ നിലവിലുള്ള അസന്തുലിതത്വം ഒഴിവാക്കി രാജ്യത്തിന് ഗുണകരമായ പരിഷ്‌കരണം നടപ്പാക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.