‘മിഡിൽ ബീസ്റ്റ് സാൻഡ്‌സ്‌റ്റോം 2022’ സമാപന ദിനം ഡച്ച് മൊറോക്കൻ ഡി.ജെ റിഹാബ് വേദിയിൽ

മിഡിൽ ബീസ്റ്റ് സാൻഡ്സ്റ്റോമിൽ വീശിയടിച്ച് സംഗീത കൊടുങ്കാറ്റ്, ആർത്തിരമ്പി യുവ മാനസങ്ങൾ

റിയാദ്: യുവ ഹൃദയങ്ങളെ ഇളക്കിമറിച്ച് വീശിയടിച്ച സംഗീത കൊടുങ്കാറ്റ് മൂന്ന് ദിവസം നീണ്ട മൂന്നാമത് 'മിഡിൽ ബീസ്റ്റ് സാൻഡ്‌സ്‌റ്റോം 2022' സമാപിച്ചു. മനസുകളിൽ സംഗീത സാഗരം നിറച്ചാണ് ആസ്വാദകരും കലാകാരന്മാരും വേദി വിട്ടത്. അവസാന ദിനമായ ശനിയാഴ്ച രാത്രി 12.30-ന് സൗദിയിൽ ഏറെ ആരാധകരുള്ള ഫ്രഞ്ച് ഡി.ജെ ഡേവിഡ് ഗൊത്ത വേദിയിലെത്തുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അപ്പോഴേക്കും മിഡിൽ ബീസ്റ്റ് അരങ്ങേറുന്ന ബൻബാൻ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. 12.20-ന് കലാനഗരത്തിന് മുകളിലൂടെ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നു. ആ സമയം കൂറ്റൻ വേദിയിൽനിന്ന് വർണാഭമായ പ്രകാശരശ്മികൾ സംഗീതം മുഴക്കി ആകാശത്തേക്ക് ഉയർന്നു. അത് ഡേവിഡ് ​ഗൊത്തയുടെ വരവാണെന്ന് ആരാധകർ തിരിച്ചറിഞ്ഞു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഡേവിഡ് അരങ്ങിൽ പ്രത്യക്ഷപ്പെട്ടു. പ്രേക്ഷകർ ആർപ്പ് വിളിയോടെ സ്വാഗതം ചെയ്തു. പിന്നീട് ഒരു മണിക്കൂറിലേറെ സമയം നിലഒ തൊട്ടില്ല ആരാധർ. നൃത്തം വെച്ചും കൂടെ പാടിയും ഇഷ്‌ടതാരത്തോടൊപ്പം ആർമാദിച്ചു ആഘോഷമാക്കി.

മുഹമ്മദ് റമ്ദാൻ, ഡച്ച് മൊറോക്കൻ ഡി.ജെ റിഹാബ് ഉൾപ്പടെയുള്ള ഡാൻസ് ജോക്കികളുടെ പ്രകടനകൾക്കും വേദി സാക്ഷിയായി. അമേരിക്കൻ ഡി.ജെ മാഷ്‌മെല്ലോയുടെ പ്രകടനത്തോടെയാണ് പരിപാടികൾക്ക് വിരാമമായത്. പുലർച്ചെ മൂന്നോടെ പരിപാടികൾ അവസാനിക്കുമ്പോൾ സൗദിയിൽ പിറന്നത് സംഗീത രംഗത്തെ പുതുചരിത്രം. ഏഴ് വേദികളിലായി നടന്ന 200-ഓളം കലാകാരന്മാരുടെ വൈവിധ്യമാർന്ന പ്രകടനം സൗണ്ട് സ്റ്റോമിന് സൗദിയിൽ സ്വീകാര്യത ഏറ്റി. അവസാന ദിവസങ്ങളിൽ പരിപാടികൾ ആരംഭിക്കും മുമ്പേ ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു. രാജ്യത്തെ സർഗാത്മക യുവത്വത്തിന് പ്രതീക്ഷയും പ്രചോദനവും നൽകുന്ന പരിപാടിയായി മിഡിൽ ബീസ്റ്റ് അടയാളപ്പെടുത്തിയെന്ന് പരിപാടിക്കെത്തിയവർ പ്രതികരിച്ചു.

ബൻബാനിലേക്ക് എത്തുന്ന കലാ ആസ്വാദകർക്ക് എല്ലാ സൗകര്യങ്ങളും സംഘാടകരായ സൗദി ജനറൽ എന്റർടെയ്മെന്റ് ഒരുക്കിയിരുന്നു. ആൾക്കൂട്ടത്തിൽ നൃത്തം ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് ഒറ്റക്ക് ചുവടുവെക്കാൻ പ്രത്യേകമായി ചെറുവേദികൾ സജ്ജീകരിച്ചിരുന്നു. 'ബഹുമാനിക്കുക പുനഃസജ്ജരാകുക' എന്ന തലക്കെട്ടിൽ പ്രത്യേക സുരക്ഷ കാമ്പയിനും പവലിയനും വേദിയിലുണ്ടായിരുന്നു. ആരുടെ ഭാഗത്ത് നിന്നായാലും മോശം അനുഭവം ഉണ്ടായാൽ പരാതി സ്വീകരിക്കാനും ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടികൾ സ്വീകരിക്കാനുമാണ് ഈ പ്രത്യേക സംവിധാനം. ഇതിന് പുറമെ 35 പേർക്ക് ഒരു സുരക്ഷ ഉദ്യോഗസ്ഥൻ എന്ന കണക്കിൽ 3,800-ലധികം സുരക്ഷ ഉദ്യോഗസ്ഥരും 300 സി.സി ടിവികളും നഗരിയിൽ സുരക്ഷ ഉറപ്പ് വരുത്താൻ സജ്ജീകരിച്ചിരുന്നു. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ച് വർഷത്തെ ജയിൽ ശിക്ഷയും മൂന്ന് ലക്ഷം റിയാൽ പിഴയുമെന്ന് വേദിക്ക് മുന്നിൽ കൂറ്റൻ ബോർഡിൽ മുന്നറിയിപ്പ് രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ സമീപിക്കാൻ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും താല്കാലിക സംവിധാനത്തിൽ പണിത ക്ലിനിക്കും സജ്ജമായിരുന്നു. മൈതാനത്ത് ഉടനീളം സൗജന്യ കുടിവെള്ളം നൽകുന്ന കിയോസ്കുകൾ സ്ഥാപിച്ചിരുന്നു. സൗദിയിലെ പ്രമുഖ ഭക്ഷണ കമ്പനികളും കോഫീഷോപ്പുകളും നഗരിയിലുണ്ടായിരുന്നു. 'ബീറ്റ് ബഗാല' എന്ന പേരിൽ ഡിസൈൻ വത്രങ്ങളും ആഘോഷ സാമഗ്രികളും ലഭിക്കുന്ന മിനി മാർക്കറ്റും ഉൾപ്പടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയതാണ് ബൻബാൻ കലാനഗരം. സൗദി എന്റർടൈമെന്റ് അതോറിറ്റിയുടെ അനുമതിയോടെ മിഡിൽ ബീസ്റ്റ് സംഘടിപ്പിക്കുന്ന സൗണ്ട് സ്റ്റോമിന്റെ അടുത്ത വർഷത്തെ സംഗീതോത്സവം ഡിസംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ റിയാദിൽ നടക്കും. ടിക്കറ്റുകൾ ഇതിനകം ഓൺലൈനിൽ വില്പനക്കെത്തിയിട്ടുണ്ട്.


 


Tags:    
News Summary - Saudi Arabia MDLBEAST Soundstorm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.