ജിദ്ദ: വൈവിധ്യമാർന്ന പരിപാടികളോടെ സൗദി അറേബ്യ 93-ാം ദേശീയദിനം ആഘോഷിച്ചു. രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിച്ചും അവ വാനോളം ഉയർത്തിക്കാട്ടിയും സൗദിയിലുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. വിവിധ മേഖലകളിൽ നടന്ന പരിപാടികളിൽ വൻ ജനപങ്കാളിത്തമുണ്ടായി.
രാജ്യത്തെ റോഡുകളും റൗണ്ട് എബൗട്ടുകളും പാലങ്ങളും നഗര പ്രവേശനകവാടങ്ങളും സർക്കാർ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളുമെല്ലാം വർണാലങ്കാരങ്ങൾ തൂക്കിയും ദീപാലംകൃതമാക്കിയും പരസ്യബോർഡുകളിലും ഇലക്ട്രോണിക് സ്ക്രീനുകളിലും ദേശീയപതാക പോസ്റ്റു ചെയ്തും ഭരണാധികാരികളുടെ ചിത്രങ്ങൾ പതിച്ചും നാടും നഗരവും പകലും രാത്രിയും ദേശീയദിനാഘോഷത്തിന്റെ തിമിർപ്പിലാണ്ടു.
വെള്ളിയാഴ്ച രാത്രി മുതൽ പച്ച പതാകയേന്തിയ അലങ്കരിച്ച വാഹനങ്ങൾ നിരത്തുകളിൽ ചീറിപ്പാഞ്ഞു. സൈനിക പരേഡ്, ഡ്രോൺ ഷോ, എയർഷോ, സംഗീത കച്ചേരികൾ, കരിമരുന്ന് പ്രയോഗം, മ്യൂസിക് ബാൻഡ്, ചരിത്രപ്രദർശനം തുടങ്ങിയ കലാ കായിക വൈജ്ഞാനിക വിനോദ പരിപാടികൾക്ക് നഗരങ്ങൾ വേദിയായി.
രാത്രിയിൽ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് നടന്ന വെടിക്കെട്ടുകൾ മാനത്ത് വർണങ്ങൾ വിതറി. സ്വദേശികളോടൊപ്പം രാജ്യത്തെ താമസക്കാരായ വിദേശികളും ദേശീയദിനാഘോഷത്തിൽ പങ്കാളിയായി. വിദേശരാജ്യങ്ങളിലെ സൗദി എംബസികളിലും വിവിധങ്ങളായ പരിപാടികൾ ദേശീയദിനത്തോടനുബന്ധിച്ച് നടന്നു. സൗദി വിനോദ അതോറിറ്റിക്ക് കീഴിലാണ് മുഖ്യ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
എയർഷോകളും വെടിക്കെട്ടുമായിരുന്നു പ്രധാന ആകർഷണം. വിവിധ പട്ടണങ്ങളിൽ സർക്കാർ വകുപ്പുകൾക്കും സ്വാകാര്യമേഖലയിലെ സ്ഥാപനങ്ങൾക്കും കീഴിൽ പ്രത്യേക പരിപാടികളും അരങ്ങേറി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ വിവിധ പരിപാടികളാണ് റിയാദിൽ അരങ്ങേറിയത്. വിനോദ അതോറിറ്റിയുടെ പങ്കാളിത്തത്തിൽ അതിർത്തിസേന ദേശീയദിനാഘോഷത്തിൽ പങ്കാളിയായി.
റിയാദിലെ അമീർ തുർക്കി അവൽ റോഡിന് വടക്ക് അൽഖൈറവാൻ ഡിസ്ട്രിക്റ്റിൽ (ഉമ്മു അജ്ലാൻ പാർക്ക്) ബാൻഡ് വാദനവും വാഹനങ്ങളുടെ മാർച്ചും അതിർത്തിസേന നടത്തി. സംഗീത അകമ്പടിയോടെയുള്ള സേനയുടെ മാർച്ച് കാണാൻ നിരവധി പേരാണ് സ്ഥലത്തെത്തിയത്.
ദേശീയദിനത്തിലെ സേനയുടെ പ്രകടനം കണ്ട് അവർ സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനങ്ങൾ, ഫീൽഡ് ഷോകൾ എന്നിവയുമായി ദേശീയ ദിനാഘോഷങ്ങളിൽ നാഷനൽ ഗാർഡും പങ്കെടുത്തു.
റിയാദ് നഗരത്തിന്റെ ആകാശത്ത് ബ്ലാക്ക് ഹോക്ക്, അപ്പാച്ചെ വിമാനങ്ങൾ ഉപയോഗിച്ച് എയർ ഷോ നടത്തി. വിമാനങ്ങൾ ആകാശത്ത് വർണ ചിത്രങ്ങൾ വരച്ചു. മ്യൂസിക്കൽ ബാൻഡും കുതിര സേനയുമായി വിവിധ സൈനിക വകുപ്പുകൾ നടത്തിയ സൈനിക പരേഡിൽ നിരവധി സൈനിക വിഭാഗങ്ങൾക്കൊപ്പം മന്ത്രാലയം പങ്കെടുത്തു. അമീർ മുഹമ്മദ് ബിൻ സഅദ് ബിൻ അബ്ദുൽ അസീസ് റോഡിൽ നിന്ന് ആരംഭിച്ച പരേഡ് ഖൈറൂവാൻ ജില്ലയിലെ ഉമ്മു അജ്ലാൻ പാർക്കിലെത്തി.
നാടക, വിനോദ, പ്രദർശന പ്രകടനങ്ങൾ, ബോധവത്കരണ പ്രദർശനങ്ങൾ, ജനപ്രിയ നിറങ്ങളുടെ പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള പ്രത്യേക പരിപാടികൾ എന്നിവയും നാഷനൽ ഗാർഡിന്റെ സാംസ്കാരിക കാര്യാലയത്തിന് കീഴിൽ നടന്നു. ജിദ്ദയിലെ കടൽത്തീരത്ത് റോയൽ സൗദി എയർഫോഴ്സ് എയർഷോ അവതരിപ്പിച്ചു.
‘ടൈഫൂൺ’ വിമാനം, എഫ്14 എസ്, ടൊർണാഡോ വിമാനങ്ങൾ, എഫ്-15സി എന്നിവ ഉൾപ്പെടുന്ന വിമാനങ്ങൾ റോയൽ സൗദി എയർഫോഴ്സിനൊപ്പം ഗംഭീരമായ എയർഷോകൾ ജിദ്ദയുടെ ആകാശത്ത് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.