റിയാദ്: സൗദിയിൽ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി നിരവധി മന്ത്രിമാരും രാജകുടുംബാംഗങ്ങളും പിടിയിൽ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള പുതിയ അഴിമതിവിരുദ്ധ സമിതിയുടെ നിർദേശത്തെതുടർന്നാണ് 11 രാജകുടുംബാംഗങ്ങളും നാലുമന്ത്രിമാരും 10 മുൻ മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും ഉൾപ്പെടെ 38 പേർ പിടിയിലായത്. വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ അമീർ വലീദ് ബിൻ തലാൽ, അമീർ തുർക്കി ബിൻ അബ്ദുല്ല, അമീർ തുർക്കി ബിൻ നാസർ, അമീർ ഫഹദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ പിടിയിലായിട്ടുണ്ടെന്ന് ‘സബഖ്’ അടക്കം ഒാൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല. 2009ലെ ജിദ്ദ വെള്ളപ്പൊക്കം, കൊറോണ വൈറസ് ബാധ തുടങ്ങിയവ സംബന്ധിച്ച കേസുകൾ പുനരന്വേഷിക്കാനും സമിതി ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി വൈകിയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജകൽപനയിലൂടെ അഴിമതിവിരുദ്ധസമിതി സ്ഥാപിച്ചത്. അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള സമിതിക്ക് അന്വേഷണം, അറസ്റ്റ്, യാത്രവിലക്ക് ഏർപ്പെടുത്തൽ, സ്വത്തുവകകൾ മരവിപ്പിക്കൽ, അഴിമതിയിൽ ഉൾപ്പെട്ടവരുടെ ആസ്തികളുടെ സ്രോതസ്സ് നിർണയിക്കൽ എന്നിവക്ക് അധികാരമുണ്ട്. മോണിറ്ററിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ കമീഷൻ ചെയർമാൻ, ദേശീയ അഴിമതി നിരോധന അതോറിറ്റി ചെയർമാൻ, ജനറൽ ഒാഡിറ്റ് ബ്യൂറോ തലവൻ, അറ്റോണി ജനറൽ, ആഭ്യന്തരസുരക്ഷവിഭാഗം തലവൻ എന്നിവർ പുതിയ സമിതിയിൽ അംഗങ്ങളാണ്. സമിതി രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ നടപടികൾ ആരംഭിക്കുകയായിരുന്നു. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും രാജകുടുംബാംഗങ്ങളോ മന്ത്രിമാരോ നിയമത്തിന് അതീതരല്ലെന്നും അടുത്തിടെ അഭിമുഖത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ സൂചിപ്പിച്ചിരുന്നു. ഇതിന് ചുവടുപിടിച്ചുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി തന്നെയുണ്ടായ മറ്റൊരു രാജവിജ്ഞാപനത്തിൽ നാഷനല്‍ ഗാര്‍ഡ്, സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രിമാരെ മാറ്റുകയും ചെയ്തു. നാഷനൽ ഗാർഡിെൻറ ചുമതലയുണ്ടായിരുന്ന മിത്അബ് ബിൻ അബ്ദുല്ല, സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി എൻജി. ആദിൽ ഫഖീഹ് എന്നിവരെയാണ് മാറ്റിയത്. നാഷനൽ ഗാർഡ് മന്ത്രിയായി പകരം അമീര്‍ ഖാലിദ് ബിന്‍ അയ്യാഫിനെ നിയമിച്ചു. മുഹമ്മദ് അത്തുവൈജിരിയാണ് സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി. നാവികസേനമേധാവി അബ്ദുല്ല സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. അഡ്മിറൽ ഫഹദ് അൽ ഗുഫൈലിക്കാണ് ചുമതല.
അഴിമതിവിരുദ്ധനീക്കം സൗദിസമൂഹത്തിൽ വൻ പ്രതികരണമാണ് സൃഷ്ടിച്ചത്. രാജാവിനെയും കിരീടാവകാശിയെയും അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. സൗദി പൗരന്മാരുടെ ഇഷ്ടമാധ്യമമായ ട്വിറ്ററിൽ ഞായറാഴ്ച പുലർച്ച പ്രത്യക്ഷപ്പെട്ട ‘ദ കിങ് ഇൗസ് ഫൈറ്റിങ് കറപ്ഷൻ’ എന്ന ഹാഷ്ടാഗ് വൻ തരംഗമായി മാറിക്കഴിഞ്ഞു. വൈകുന്നേരത്തിനകം തന്നെ 5,36,000 തവണയാണ് ഇൗ ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടത്. ഞായറാഴ്ച ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഹാഷ്ടാഗ് ആയിരുന്നു ഇതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.