ജിദ്ദ: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാത്തവരും ഹോട്ടൽ (ഇൻറ്റിറ്റ്യൂഷനൽ) ക്വാറൻറീൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും രാജ്യത്തേക്ക് പ്രവേശിച്ചാൽ ഹോം ക്വാറൻറീൻ വേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം ഉൾപ്പടെ വിവിധ വകുപ്പുകളുടെ നിർദേശത്തെ തുടർന്നാണ് ഈ നിബന്ധന ഏർപ്പെടുത്തിയത്. ഇങ്ങനെയുള്ളവർ രാജ്യത്തേക്ക് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മാർഗങ്ങളിലൂടെ കോവിഡ് പരിശോധന നടത്തിയിരിക്കണം.
നെഗറ്റീഫ് ഫലം വന്നാൽ ക്വാറൻറീൻ അവസാനിപ്പിക്കാമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എട്ട് വയസിന് താഴെയുള്ളവർക്ക് കോവിഡ് പരിശോധന വേണ്ട. എന്നാൽ അവർ രാജ്യത്തേക്ക് പ്രവേശിച്ചത് മുതൽ 48 മണിക്കൂർ ഹോം ക്വാറൻറീൻ പാലിക്കണം. പുതിയ ക്വാറൻറീൻ നിയമം ലംഘിച്ചാൽ പിഴ ശിക്ഷ നേരിടേണ്ടി വരും. ക്വാറൻറീൻ നിബന്ധന ലംഘനത്തിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള അതേ പിഴകളാണ് മുകളിൽ പറഞ്ഞ നിബന്ധനകളിൽ ഏത് ലംഘിച്ചാൽ ലഭിക്കുക. രാജ്യത്തേക്ക് വരുന്നവരെല്ലാം ആരോഗ്യ മുൻകരുതൽ നിയമങ്ങൾ പാലിക്കണം.
അവ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തേക്ക് വരുന്നതിനും പുറത്തുപോകുന്നതിനും യാത്രാ വിഷയത്തിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യ നിയമങ്ങൾ സാഹചര്യങ്ങൾക്ക് അനുസൃതമായി പൊതുജനാരോഗ്യ അതോറിറ്റി നിരന്തരം നിരീക്ഷിച്ച് വിലയിരുത്തി അതുപ്രകാരം മാറ്റം വേണമെങ്കിൽ ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു. സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും, സ്വദേശി പൗരെൻറ വിദേശിയായ ഭാര്യ, സ്വദേശി സ്ത്രീയുടെ വിദേശിയായ ഭർത്താവ്, സ്വദേശികളുടെ ആൺ, പെൺ മക്കൾ, അവരോടൊപ്പം വരുന്ന വീട്ടുജോലിക്കാർ, നയതന്ത്ര വിസയുള്ളർ, അവരുടെ കുടുംബാംഗങ്ങൾ, അവരോടൊപ്പമുള്ള വീട്ടുജോലിക്കാർ, സർക്കാർ തലത്തിലെ ഒൗദ്യോഗിക സംഘങ്ങളിലുള്ളവർ, വിമാന - കപ്പൽ ജീവനക്കാർ തുടങ്ങിയവർക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വറൻറീൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.