ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് താത്കാലികമായി നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ചു. ഹജ്ജ് തീർഥാടകർ മടങ്ങിയ ശേഷം ഇന്ന് പുലർച്ച മുതലാണ് മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങിയത്. ഹജ്ജ് വേളയിൽ ഹറമിലേക്ക് പ്രവേശനം ഹജ്ജ് തീർഥാടകർക്ക് മാത്രമാക്കിയിരുന്നു. ഉംറ തീർഥാടനം ജൂലൈ 25 (ദുൽഹജ്ജ് 15) ന് പുനരാംഭിക്കുമെന്ന് ഹജ്ജ് ഉംറ സഹമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹജ്ജ് തീർഥാടകർ തിരിച്ചുപോയ ശേഷം ഹറമിലും മുറ്റങ്ങളിലും ആവശ്യമായ ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് ഉംറ തീർഥാടനം പുനരാരംഭിച്ചത്.
ശുചീകരണ ജോലികൾക്ക് 4000 പേരെയാണ് നിയോഗിച്ചിരുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് ഉംറ തീർഥാടനം പുനരാരംഭിച്ചത്. ഹജ്ജിനു മുമ്പുള്ള നടപടികൾ തന്നെയായിരിക്കും ഹറമിലെ ഉംറക്കും നമസ്കാരത്തിനുമുണ്ടാകുക. അനുമതി പത്രമുള്ളവർക്ക് മാത്രമാണ് ഉംറക്കും നമസ്കാരത്തിനും പ്രവേശനം നൽകുക. പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാൻ പ്രത്യേക കവാടങ്ങൾ നിശ്ചയിട്ടുണ്ട്. മത്വാഫിൽ പാതകളും നമസ്കാരത്തിനു പ്രത്യേക സ്ഥലങ്ങളും നിശ്ചയിട്ടുണ്ട്.
ഉംറ തീർഥാടകരെ സ്വീകരിക്കാൻ മാനുഷികവും സാങ്കേതികവുമായ എല്ലാ കഴിവുകളും ഒരുക്കിയിരുന്നതായി മസ്ജിദുൽ ഹറാം ക്രൗഡ് മാനേജ്മെൻറ് ഓഫീസ് മേധാവി എൻജിനീയർ ഉസാമ ബിൻ മൻസൂർ അൽഹുജൈലി പറഞ്ഞു. ത്വവാഫിനായി മതാഫും സഅ്ഇന്നായി രണ്ട് നിലകളും ഒരുക്കിയിട്ടുണ്ട്. തീർഥാടകരെ സ്വീകരിക്കാൻ 500 ലധികം പുരുഷ, വനിത ജോലിക്കാരുണ്ട്. ബാബ് അലി, കുദായ്, അജിയാദ്, ശുബൈക്ക എന്നീ നാല് സ്ഥലങ്ങൾ ഹറമിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തീർഥാടകർക്ക് സംഗമിക്കാൻ ഒരുക്കിയിട്ടുണ്ട്. മർവ കവാടം ഉംറ നിർവഹിച്ച ശേഷം തീർഥാടകർക്ക് പുറത്തേക്ക് പോകാൻ മാത്രമാക്കിയിട്ടുണ്ടെന്നും ഹറം ക്രൗഡ് മാനേജ്മെൻറ് ഓഫീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.